ബയപ്പനഹള്ളി– മൈസൂരു റോഡ് പാതയിൽ ആറു മിനിറ്റ് ഇടവിട്ട് ട്രെയിനെത്തും
Thursday, July 28, 2016 5:39 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ ബയപ്പനഹള്ളി– മൈസൂരു റോഡ് പാതയിൽ ഇനി ആറു മിനിറ്റ് ഇടവിട്ട് ട്രെയിനെത്തും. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിലാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേള ആറു മിനിറ്റായി ചുരുക്കിയത്. ഇതുവരെ എട്ടു മിനിറ്റായിരുന്നു ഈ സമയങ്ങളിലെ ഇടവേള.

ബയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 7.46നും 9.10 നുമിടയിലും വൈകുന്നേരം അഞ്ചിനും 7.54നുമിടയിലുമുള്ള സമയങ്ങളിലാണ് ആറു മിനിറ്റ് ഇടവിട്ട് ട്രെയിൻ ഓടുന്നത്. മൈസൂരു റോഡ് സ്റ്റേഷനിൽ നിന്ന് രാവിലെ 8.22നും 9.52നുമിടയിലും വൈകുന്നേരം 5.48നും 8.37നുമിടയിലും ആറു മിനിറ്റ് ഇടവിട്ട് ട്രെയിൻ സർവീസ് നടത്തും. എന്നാൽ, യാത്രക്കാരുടെ തിരക്ക് ഇനിയും കൂടുകയാണെങ്കിൽ മൂന്നു മിനിറ്റ് ഇടവിട്ട് ട്രെയിൻ ഓടിക്കുന്നത് പരിഗണനയിലാണെന്ന് ബിഎംസിആർഎൽ എംഡി പ്രദീപ് സിംഗ് ഖരോള പറഞ്ഞു.

<ആ>മൂന്നു മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിംഗ് സൗകര്യം

ബംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലെ മൂന്നു സ്റ്റേഷനുകളിൽകൂടി പെയ്ഡ് പാർക്കിംഗ് സൗകര്യമൊരുക്കും. മൈസൂരു റോഡ്, മാഗഡി റോഡ്, ഹൊസഹള്ളി എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം എത്തുന്നത്. ഇതിനായുള്ള കരാർ ബിഎംആർസി സ്വകാര്യ സ്‌ഥാപനങ്ങൾക്കു നല്കി. ഇതോടെ നമ്മ മെട്രോയുടെ പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങളുടെ എണ്ണം 12 ആകും.

ഏറ്റവും വലിയ പാർക്കിംഗ് കേന്ദ്രമാണ് മൈസൂരു റോഡ് സ്റ്റേഷനിൽ ഒരുക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ഇതിന്റെ നിർമാണജോലികൾ പൂർത്തിയാകും. മാഗഡി റോഡ്, ഹൊസഹള്ളി സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരു മാസത്തിനുള്ളിൽ ജനങ്ങൾക്കു തുറന്നുകൊടുക്കുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങളിൽ ആദ്യത്തെ നാലു മണിക്കൂറിന് നിശ്ചിത തുകയാണ് വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നത്. പിന്നീടുള്ള ഓരോ മണിക്കൂറിനും അധിക നിരക്ക് നല്കണം.

സിറ്റി റെയിൽവേ സ്റ്റേഷൻ, എം. വിശ്വേശരയ്യ സ്റ്റേഷൻ, പീനിയ ഇൻഡസ്ട്രി സ്റ്റേഷൻ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന് ടെൻഡർ ഉടൻ നല്കുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.