ഇംഗ്ലണ്ടിലെ സീറോ മലബാർ സഭ മക്കൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ആഗോള സഭയുടെ സമ്മാനം
Thursday, July 28, 2016 9:11 AM IST
ബെർമിംഗ്ഹാം: നീണ്ട വർഷങ്ങളുടെ പ്രാർഥനകൾക്കും കാത്തിരിപ്പിനും ശേഷം കേരള സഭയിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ ആഗോള കത്തോലിക്ക സഭയുടെ സമ്മാനമായി ഇംഗ്ലണ്ടിലെ സീറോ മലബാർ സഭ മക്കൾക്ക് സ്വന്തം രൂപത എന്ന സ്വപ്നം യാഥാർഥ്യമായി.

ഇംഗ്ലണ്ടിലേയും അയർലൻഡിലേയും അറുപതിനായിരത്തോളം വരുന്ന സീറോ മലബാർ മക്കൾക്ക് തങ്ങളുടെ റീത്തിൽ തന്നെ ദൈവബലി അർപ്പിക്കുവാനും വിശ്വാസ പരിശീലനവും മറ്റു വിശ്വാസപരമായ തിരുക്കർമങ്ങൾ എന്നിവ നടത്തുവാനും പുതിയ രൂപതയിലൂടെയും പുതിയ ഇടയനിലൂടെയും അവസരം കൈവരുകയാണ്.

യുകെ സമയം 10.30 ഓടുകൂടിയാണ് പ്രഖ്യാപനം വന്നത്. പുതിയ രൂപതയുടെ ആസ്‌ഥാനം പ്രസ്റ്റൺ ആണ്. ഫാ. ജോസഫ് സ്രാമ്പിക്കലാണ് പുതിയ ഇടയൻ. രൂപത നിലവിൽവരുന്നതോടൂകൂടി ഇപ്പോൾ ചാപ്ലെയിൻസിയുടെ സേവനം ലഭ്യമല്ലാത്ത രൂപതകളിലും സീറോ മലബാർ സഭയുടെ സേവനം ലഭ്യമാകും.

പുതിയ പദ്ധതികളുമായി മുന്നോട്ടുപോകുകയും ഏഴാമത് സീറോ മലബാർ സഭ കൺവൻഷനായി ഒരുങ്ങുകയും ചെയ്യുന്ന ബെർമിംഗ്ഹാംമിലെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് പുതിയ രൂപത സന്തോഷവും ഒപ്പം ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുവാനുള്ള അവസരവുമാണെന്നു ബെർമിംഗ്ഹാം അതിരൂപത ചാപ്ലെയിൻ ഫാ. ജയ്സൺ കരിപ്പായി, ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ എന്നിവർ പറഞ്ഞു.

സീറോ മലബാർ സഭ മക്കൾക്ക് ആഗോള സഭ നൽകിയ പുതുസമ്മാനമാണ് പുതിയ രൂപത പ്രഖ്യാപനമെന്നു അതിരൂപത കമ്മിറ്റി സെക്രട്ടറി ജോയി മാത്യു സന്ദേശത്തിൽ പറഞ്ഞു.

പുതിയ രൂപത പ്രഖ്യാപനത്തെ ബെർമിംഗ്ഹാം സ്റ്റെച്ച് ഫോർഡ് സെന്റ് അൽഫോൻസ കമ്യൂണിറ്റിയും സ്വാഗതം ചെയ്തു.