യുവജനസാഗരത്തിനു അനുഗ്രാശിസുമായി ഫ്രാൻസിസ് മാർപാപ്പാ പോളണ്ടിൽ
Thursday, July 28, 2016 9:13 AM IST
ക്രാക്കോവ്: മുപ്പത്തിയൊന്നാമത് ലോകയുവജന സംഗമത്തെ അനുഗ്രഹിക്കാൻ ഫ്രാൻസിസ് മാർപാപ്പാ പോളണ്ടിലെത്തി.

ജൂലൈ 27നു വൈകുന്നേരം നാലിനു ജോൺ പോൾ രണ്ടാമൻ ബാലീസ് വിമാനത്താവളത്തിൽ ഇറങ്ങിയ മാർപാപ്പായെ പോളിഷ് പ്രസിഡന്റ് ആന്ദ്രെ ഡൂഡ്, ഉന്നത രാഷ്ട്രീയ നേതാക്കൾ, ക്രാക്കോവ് മെട്രോപൊലീറ്റൻ ബിഷപ് കർദ്ദിനാൾ ഡിസ്വിസ്, കത്തോലിക്ക സഭാ നേതാക്കൾ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

കർദ്ദിനാൾ ഡിസ്വിസ് സ്വാഗതം ആശംസിച്ചു. 20 മിനിറ്റ് നീണ്ടു നിന്ന സ്വീകരണ ചടങ്ങിനു ശേഷം മാർപാപ്പായേയും സംഘത്തെയും പ്രസിഡന്റ് ആന്ദ്രെ ഡൂഡ് ഔദ്യോഗികമായി പ്രസിഡന്റിന്റെ ആസ്‌ഥാനമായ വാവൽ റോയൽ കൊട്ടാരത്തിലേയ്ക്കു ആനയിച്ചു. 40 മിനിറ്റു നിന്ന ഔദ്യോഗിക സന്ദർശനത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പ പോളിഷ് പ്രധാനമന്ത്രി ബിയാറ്റെ സിഡ്ലോയുമായി കൂടിക്കാഴ്ച നടത്തി. തുടർന്നു ക്രാക്കോവിലെ ഫ്രാൻസിസ്കൻ ഹൗസിൽ രാത്രി വിശ്രമത്തിനായി എത്തിച്ചേർന്ന മാർപാപ്പ പുറത്തു നിന്നിരുന്നവരെ ആശീർവദിച്ചു.

വത്തിക്കാൻ പ്രതിനിധികളടക്കം 70 മാധ്യമ പ്രതിനിധികളാണ് മാർപാപ്പയുടെ സംഘത്തിലുള്ളത്. ആറു പ്രസംഗങ്ങളും മൂന്നു ഭവന സന്ദർശനങ്ങളും ദിവ്യബലിയുമാണ് പാപ്പായുടെ പ്രത്യേക പരിപാടികൾ. പാപ്പായുടെ പതിനഞ്ചാമത്തെ വിദേശയാത്രയും ആദ്യ പോളണ്ട് സന്ദർശനവുമാണിത്.

അഞ്ചുദിന സന്ദർശനത്തിനിടയിൽ 28നു പോളിഷ് പ്രസിഡന്റ് അന്ദ്രേ ഡൂഡ്, പോളിഷ് കർദ്ദിനാളന്മാർ, ബിഷപ്പുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ ക്രാക്കോവിൽ എത്തി യുവജനങ്ങളുമായും സംവദിക്കും. പോളണ്ടിന്റെ രക്ഷകയായ ബ്ലാക്ക് മഡോണയുടെ രൂപം സ്‌ഥിതിചെയ്യുന്ന ചെസ്റ്റോഹോവ സന്ദർശിച്ച് പ്രാർഥന നടത്തും.

29നു (വെള്ളി) ഔഷ്വിറ്റ്സ്, ബിർക്കനാവു എന്നീ നാസി തടങ്കൽപാളയം സന്ദർശിച്ച് അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുത്ത് മാർപാപ്പ പ്രസംഗിക്കും. തുടർന്നു കുട്ടികളുടെ സർക്കാർ ആശുപത്രിയും സന്ദർശിക്കും. വൈകുന്നേരം ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്കൊപ്പം ക്രാക്കോവിൽ നടക്കുന്ന കുരിശിന്റെ വഴിയിലും നൈറ്റ് വിജിലിലും പങ്കെടുക്കും.

30നു (ശനി) ക്രാക്കോവിലെ ഡിവൈൻ മേഴ്സി തീർഥാടന കേന്ദ്രത്തിലെ ‘കരുണയുടെ കവാടത്തിലൂടെ’, കടന്ന് വിശുദ്ധ ഫൗസ്റ്റീനയെ അടക്കം ചെയ്ത ചാപ്പലിലെത്തി പ്രാർഥിക്കും. തുടർന്നു വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തീർഥാടന കേന്ദ്രവും സന്ദർശിക്കും.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ28രൃമസീ്ല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
31നു (ഞായർ) രാവിലെ നടക്കുന്ന സമാപന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പാ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകും. ദിവ്യബലിക്കിടെ അടുത്ത സമ്മേളനവേദി പ്രഖ്യാപിക്കും. അന്നുതന്നെ യുവജനസംഗമത്തിന്റെ സംഘാടകരുമായും വോളണ്ടിയർമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി വൈകുന്നേരത്തോടെ വത്തിക്കാനിലേയ്ക്കു മടങ്ങും.

സമാപനസമ്മേളനത്തിൽ 30 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മാർപാപ്പയുടെ സന്ദർശനത്തിനോടനുബന്ധിച്ചും യുവജനസംഗമത്തിന്റെ സുരക്ഷയ്ക്കുമായി സൈനികരും പോലീസ് സേനയുമടക്കം 40,000 സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്മാരെയാണ് ക്രാക്കോവിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ