പ്രവാസി വിശ്വാസികളോടു സഭയ്ക്കു വലിയ കരുതൽ: മാർ ചിറപ്പണത്ത്
Thursday, July 28, 2016 11:04 PM IST
കൊച്ചി: പ്രവാസികളായ വിശ്വാസികളോടു സഭയ്ക്കു വലിയ കരുതലും പ്രതീക്ഷയുമാണുള്ളതെന്നു യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ നിയുക്‌ത അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്. സീറോ മലബാർ സഭയിലെ നാലിലൊന്നു വിശ്വാസികൾ പ്രവാസികളാണ്. സഭാപാരമ്പര്യത്തിലും പ്രാർഥനാജീവിതത്തിലും അടിയുറയ്ക്കാൻ പ്രവാസി വിശ്വാസികൾക്കു വലിയ സാധ്യതയാണു സഭ തുറന്നുനൽകുന്നത്.

ദൈവത്തെ സ്നേഹിക്കുന്നവർക്കും അവിടുത്തെ പദ്ധതിയനുസരിച്ചു ജീവിക്കുന്നവർക്കും അവിടുന്ന് എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്നതിന്റെ സൂചനയായാണു പുതിയ നിയോഗത്തെ കാണുന്നത്. പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തെ സ്തുതിക്കുന്നു. തന്നിലർപ്പിച്ച വിശ്വാസത്തിനു മേജർ ആർച്ച്ബിഷപ്പിനോടും സഭയുടെ സിനഡിനോടും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനോടും നന്ദിയുണ്ട്. ദിവംഗതനായ മാർ ജെയിംസ് പഴയാറ്റിലിനെ ആദരവോടെ സ്മരിക്കുന്നു.

പത്രോസ് ശ്ലീഹായുടെ മക്കളിലേക്കു തോമാശ്ലീഹായുടെ മക്കൾക്ക് ഇനിയും ഏറെ കാര്യങ്ങൾ നൽകാനുണ്ട്. റോമിൽ മാത്രം പ്രവാസി വിശ്വാസികളുടെ 46 സമൂഹങ്ങളുണ്ട്. സീറോ മലബാർ സഭയുടെ വ്യത്യസ്തത ആഗോള സഭയ്ക്കാകെ മുതൽക്കൂട്ടാണ്.

ചെറുപ്പം മുതൽ ശീലിച്ച പ്രാർഥനകളും വിശ്വാസരീതികളും ലോകത്തിലെവിടെയും മാതൃഭാഷയിൽതന്നെ അനുവർത്തിക്കാനുള്ള അവസരം വലിയ ദൈവാനുഗ്രഹമാണ്. യൂറോപ്പിലെ സഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ഏവരുടെയും പ്രാർഥനയും സഹകരണവും ആവശ്യമാണെന്നും മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.