യുവാവിനെ ചുംബിച്ചതിന് ബ്രിട്ടീഷ് യുവതി നാലുവർഷമായി സൗദിയിൽ വീട്ടുതടങ്കലിൽ
Friday, July 29, 2016 12:15 AM IST
ജിദ്ദ: ബ്രിട്ടീഷ് പൗരത്വമുള്ള 21കാരി നാലു വർഷമായി സൗദിയിൽ വീട്ടുതടങ്കലിലാണെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ലണ്ടൻ ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ബ്രിട്ടീഷ്, സൗദി അറേബ്യൻ ഇരട്ടപൗരത്വമുള്ള അമിന അൽ–ജെഫ്രിയെ പിതാവ് മുഹമ്മദ് അൽ ജെഫ്രിയാണ് ജിദ്ദയിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. ഒരു യുവാവിനെ ചുംബിച്ചതിനാണ് യുവതിക്ക് ഈ ശിക്ഷ ലഭിച്ചതെന്ന് അമിനയ്ക്കു വേണ്ടി ഹാജരായ ബാരിസ്റ്റർ കോടതിയിൽ അറിയിച്ചു.

നാലു വർഷം മുമ്പാണ് അമിനയും പിതാവും ജിദ്ദയിലെത്തുന്നത്. അമിനയുടെ അമ്മയും സഹോദരങ്ങളും തിരികെ സൗത്ത് വെയ്ൽസിലേക്കു പോയിട്ടും അമിനയെ മാത്രം തിരികെപ്പോകാൻ പിതാവ് അനുവദിച്ചില്ല. കിടപ്പുമുറിയിൽ സ്‌ഥാപിച്ച ഇരുമ്പഴികളിക്കുള്ളിൽ തല മുണ്ഡനം ചെയ്ത നിലയിലാണ് യുവതി കഴിയുന്നതെന്നും അഭിഭാഷകൻ അറിയിച്ചു. അമിനയെ സഹായിക്കാൻ ലണ്ടനിലെ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിനയിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ജിദ്ദയിലെ ബ്രിട്ടീഷ് കോൺസുലേറ്റിലെ ഒരു സ്റ്റാഫ് അംഗത്തോടാണ് അമിന ഇക്കാര്യങ്ങൾ സംസാരിച്ചതെന്നും അമിനയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഫോണും ഇന്റർനെറ്റും ഉപയോഗിക്കാൻ അവളെ അനുവദിച്ചിരുന്നില്ല. ബാത്റൂമിൽ പോലും പോകാൻ അനുവദിച്ചിരുന്നില്ല, പകരം, മുറിയിൽ വച്ച കപ്പിൽ മൂത്രമൊഴിക്കാൻ അവൾ നിർബന്ധിതയായിരുന്നു. അമിനയെ രക്ഷിക്കാൻ ലണ്ടനിലെ കോടതി നിയമനടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകർ അറിയിച്ചു.