ഭക്‌തിപ്രഭയിൽ സെന്റ് അഫോൻസാ ദേവാലയം, പ്രധാന തിരുനാൾ ഞായറാഴ്ച
Friday, July 29, 2016 3:15 AM IST
കൊപ്പേൽ: വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്താൽ അനുഗ്രഹീതമായ ടെക്സസിലെ കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയം തിരുനാൾ നിറവിൽ ഭക്‌തിപ്രഭയിൽ. അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തിൽ സ്ഥാപിതമായ ഈ ദേവാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച തിരുനാളിനു കൊടിയേറിയതു മുതൽ ഭക്‌തജന പ്രവാഹമാണ്.

സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകൾ കയറിയ ഭാരതത്തിന്റെ പ്രഥമവിശുദ്ധയുടെ സന്നിധിയിൽ പ്രാർഥിക്കുവാനും നേർച്ചകാഴ്ചകൾ സമർപ്പിക്കുവാനും, നൊവേനയർപ്പിച്ചു വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിനും ടെക്സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനു ഭക്‌തരാണ് ദേവാലയത്തിൽ എത്തിച്ചേരുന്നത്. തിരുനാൾ ആരംഭിച്ചതുമുതൽ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം വരെ ആരാധനയും, തുടർന്ന് വൈകുന്നേരം വി. കുർബാന നൊവേന, ലദീഞ്ഞ് , നേർച്ചവിതരണം എന്നിവയുമാണ് നടന്നു വരുന്നത്.

ജൂലൈ 29–നു വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ ദേവാലയത്തിൽ ദിവ്യകാരുണ്യആരാധന. തുടർന്നു വൈകുന്നേരം 6.30നു നടക്കുന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ലൂക്ക് കളരിക്കൽ എംഎസ്എഫ്എസ്, വികാരി ഫാ. ജോൺസ്റ്റി തച്ചാറ തുടങ്ങിയവർ കാർമികത്വം വഹിക്കും.

ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന പ്രത്യേക കലാപരിപാടിയായ ‘ബട്ടർഫ്ളൈസ്’ തുടർന്നു സെന്റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

30നു (ശനി) വൈകുന്നേരം 4.30–നു നടക്കുന്ന ആഘോഷമായ റാസയ്ക്ക് ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ കാർമികത്വം വഹിക്കും ഫാ. ജോഷി ചിറക്കൽ വചന സന്ദേശം നൽകും. തുടർന്നു നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. കലാപരിപാടികളുടെ ഭാഗമായി തുടർന്നു രാത്രി എട്ടിന് മയാമി ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

പ്രധാന തിരുനാൾ ദിനമായ 31നു (ഞായർ) വൈകുന്നേരം 4.30–നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമികത്വം വഹിക്കും. വചനസന്ദേശം ഫാ. തോമസ് കടുകപ്പിള്ളിൽ നൽകും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്നേഹവിരുന്നും നടക്കും.

പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചൻ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോൾ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗൺസിലും ഇടവകയിലെ വിവിധ കുടുംബ യൂണീറ്റുകളും നേതൃത്വം നൽകി വരുന്നു.

<യ> റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ