മതസംഘടനകൾ കൂടുതൽ സമൂഹ സൗഹൃദമാകണം: കെഎച്ച്എൻഎ
Friday, July 29, 2016 3:16 AM IST
ഷിക്കാഗോ: പ്രാചീന സമൂഹത്തിൽ രൂപംകൊണ്ട മതവിശ്വാസങ്ങൾ ശാസ്ത്രലോകം കൈവരിച്ച അറിവുകൾ സ്വാംശീകരിച്ച് കൂടുതൽ സമൂഹസൗഹൃദമാകണമെന്നു കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. മിസോറി, സെന്റ് ലൂയീസ് ഹൈന്ദവ കൂട്ടായ്മയായ ‘ഓങ്കാരം’ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 ജൂലൈ ഒന്നു മുതൽ നാലു വരെ ഡിട്രോയിറ്റിൽ നടക്കുന്ന ലോക ഹൈന്ദവ സംഗമത്തിൽ ഭാരതീയ സംഹിതകളിലെ വിശ്വദർശനത്തെ സംബന്ധിക്കുന്ന ലോകാരാധ്യരായ പ്രതിഭകൾ പങ്കെടുക്കുന്ന സമീക്ഷകളും, മലയാള സിനിമാരംഗത്തെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന താരസംഗമവും, അമേരിക്കൻ തൊഴിൽരംഗത്തെ സാധ്യതകളും, വെല്ലുവിളികളും ചർച്ച ചെയ്യുന്ന പ്രൊഫഷണൽ കൂട്ടായ്മകളും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും, കുടുംബബന്ധങ്ങളും ചർച്ച ചെയ്യുന്ന യുവജന– വനിതാ സമ്മേളനങ്ങളും, ക്ഷേത്രകലകളും, പാശ്ചാത്യസംഗീതവും സമന്വയിക്കുന്ന സംഗീതനിശയും തയാറായിവരുന്നതായി രജിസ്ട്രേഷൻ കമ്മിറ്റി കോർഡിനേറ്ററും, ഡയറക്ടറുമായ അരവിന്ദ് പിള്ള സമ്മേളനത്തെ അറിയിച്ചു.

നാഷണൽ കൺവൻഷന്റെ നാന്ദികുറിച്ചുകൊണ്ട് മിഡ്വെസ്റ്റ് മേഖലയിലുള്ള മുഴുവൻ ഹിന്ദു സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ എട്ടിനു ഷിക്കാഗോയിൽ നടക്കുന്ന കെഎച്ച്എൻഎ കൺവൻഷനെ സംബന്ധിച്ച് റീജണൽ വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ള വിശദീകരിച്ചു.

തുടർന്നു സംസാരിച്ച വനിതാവേദി ചെയർപേഴ്സൺ ഡോ. സുനിതാ നായർ വളർന്നുവരുന്ന തലമുറയെ മാതൃത്വത്തിന്റെ മഹിമകൊണ്ട് വൈകാരികമായി ശക്‌തിപ്പെടുത്താൻ അമ്മമാർക്ക് കഴിയണമെന്നും, പഠനപരവും, തൊഴിൽപരവുമായ വ്യവഹാര വിരസതകൾ പരിഹരിക്കാനുള്ള ഊഷ്മള കേന്ദ്രങ്ങളായി കുടുംബങ്ങൾ മാറണമെന്നും അഭിപ്രായപ്പെട്ടു.

ഭാരതീയ സർവ്വലോക സാഹോദര്യത്തിന്റെ സന്ദേശമുയർന്ന ഷിക്കാഗോയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിന്റെ വിശദാംശങ്ങൾ മഹേഷ് കൃഷ്ണൻ വിശദീകരിച്ചു.

ഡിട്രോയിറ്റ് കൺവൻഷന്റെ ഉള്ളടക്കങ്ങൾ സംബന്ധിച്ചും അമേരിക്കയിലെ ഹൈന്ദവ ദർശന ശാക്‌തീകരണത്തെ സംബന്ധിച്ചും നടന്ന ചർച്ചകൾക്ക് ഡോ. രവീന്ദ്രനാഥ്, ഓങ്കാരം മുൻ പ്രസിഡന്റ് നടേശൻ മാധവൻ എന്നിവർ തുടക്കംകുറിക്കുകയും, വനിതാവേദി ദേശീയ സമിതയംഗം ലതാ ഉണ്ണി, മുൻ സെക്രട്ടറി പ്രസാദ് മലമേൽ, ഒങ്കാരം ചെയർമാൻ വിമൽ നായർ, അഞ്ജന പ്രയാഗ, വിനോദ് മേനോൻ, രാജ് ഉണ്ണി എന്നിവർ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവരെ ഡയറക്ടർ സുധീർ പ്രയാഗ സ്വാഗതം ചെയ്യുകയും, ഒങ്കാരം പ്രസിഡന്റ് മധു മാധവൻ നന്ദി അറിയിക്കുകയും ചെയ്തു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ29ഴമ4.ഷുഴ മഹശഴി=ഹലളേ>