ബ്രിട്ടനിൽ സീറോ മലബാർ സഭയുടെ നവ രൂപത, ആഹ്ളാദത്തിമിർപ്പിൽ സഭാമക്കൾ
Friday, July 29, 2016 3:17 AM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ സീറോ മലബാർ മക്കളുടെ സ്വന്തം രൂപത എന്ന ചിരകാല അഭിലാഷം യാഥാർഥ്യമാക്കിക്കൊണ്ടു പ്രഖ്യാപനം വന്നതിന്റെ ആഹ്ളാദം യുകെയിൽ എങ്ങും അണപൊട്ടി ഒഴുകുന്നു. നന്ദിസൂചകമായി കൃതജ്‌ഞതാബലികളും,മധുരം പങ്കിടലും, സോഷ്യൽ മീഡിയാ പേജുകളിൽ ന്യൂസ് ഷെയർ ചെയ്തുംസന്തോഷം പ്രകടിപ്പിച്ചും യുകെയിൽ വിശ്വാസിസമൂഹം ആഹ്ളാദം പ്രകടിപ്പിക്കുകയാണ്.

പുതിയ ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അധികാര പരിധി ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. രൂപതകളിൽ നിന്നും, ഇടവക ഭരണ നൈപുണ്യം ഉള്ള, അല്മായ ശാക്‌തീകരണ അജൻഡകളുള്ള ഒരു ബിഷപ്പിനെത്തന്നെ ലഭിക്കണമെന്ന ശക്‌തമായ പ്രാർത്ഥന കൂടിയാണ് പാലാ രൂപതക്കാരനായ ജോസഫ് സ്രാമ്പിക്കലിനെ നിയുക്‌ത മെത്രാനായി പ്രഖ്യാപിക്കപ്പെട്ടതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതപേറുന്ന യുകെയിലെ കുടിയേറ്റക്കാരായ പ്രവാസി മാർത്തോമാ കത്തോലിക്കർക്കിതു അനുഗ്രഹീത നിമിഷം കൂടിയാണു സമ്മാനിക്കുക. ഇൻഡ്യയിലും,റോമിലും,വത്തിക്കാനിലും ,ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലും അടക്കം വിവിധ യുണിവേഴ്സിറ്റികളിൽനിന്ന് ഉന്നത ബിരുദങ്ങളും, അംഗീകാരങ്ങളും നേടിയിട്ടുള്ള ഫാ. ജോസഫ് സ്രാമ്പിക്കൽ യുകെയിൽ സഭാ വളർച്ചക്ക് മുതൽക്കൂട്ടാകും എന്ന പൂർണ വിശ്വാസത്തിലാണു സീറോ മലബാർസഭാ സമൂഹം.

നാനാഭാഷകളിൽ വൈദഗ്ധ്യം പുലർത്തുന്ന ഫാ. ജോസഫ് സ്രാമ്പിക്കൽ പണ്ഡിതനും,വാഗ്മിയും,അനുഗ്രഹീത വചന പ്രഘോഷകനും കൂടി ആണ്. കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച കരുണയുടെ പ്രേഷിതാംഗം കൂടിയായഫാ. ജോസഫ് സ്രാമ്പിക്കൽ യുകെയിൽ സഭക്ക് ശക്‌തനായ ഇടയനാവും എന്ന് ഉറച്ചു പ്രതീക്ഷിക്കാം. അജപാലന ശുശ്രുഷകൾക്കൊപ്പം, റെക്ടർ, സെക്രട്ടറി, സെമിനാരി അധ്യാപകൻ, ഇവാഞ്ചലൈസേഷൻ കോ–ഓർഡിനേറ്റർ, ധ്യാന കേന്ദ്രം ഡയറക്ടർ, മെഡിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി, ജീസസ് യൂത്ത്, കരിസ്മാറ്റിക് മൂവ്മെന്റ് സഹകാരി എന്നീ വിവിധ തലങ്ങളിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഫാ, ജോസഫ് ശ്രാമ്പിക്കൽ യുകെയിൽ സഭയ്ക്കു ശക്‌തമായ നേതൃത്വം നൽകും.

<യ> റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ