ജിഎംഎഫ് യൂറോപ്യൻ പ്രവാസി സംഗമത്തിൽ സെമിനാറുകൾ ശ്രദ്ധേയമായി
Friday, July 29, 2016 9:23 AM IST
കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ആഭിമുഖ്യത്തിൽ അഞ്ചു ദിനങ്ങളിലായി നടക്കുന്ന യൂറോപ്യൻ പ്രവാസി സംഗമത്തിൽ സെമിനാറുകൾ ശ്രദ്ധേയമായി.

ജൂലൈ 27ന് ആരംഭിച്ച സംഗമത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറുകൾ തികച്ചും കാലികപ്രസക്‌തവും ജർമനിയിലെ മലയാളി സമൂഹത്തിന്റെ മുൻകാല, പിൽക്കാല സമയങ്ങളിലേയ്ക്കുള്ള ഒരു തിരനോട്ടവും മുൻകരുതലുമായിരുന്നു. തുടർന്നുണ്ടായ ചർച്ചകളിൽ സംഗമത്തിൽ പങ്കെടുക്കുന്ന മിക്കവരും സജീവമായി ഭാഗഭാക്കായി.

വൈകുന്നേരം നടന്ന കലാസായാഹ്നം ജിഎംഎഫ് വനിതാ ഫോറം സാരഥികളായ ജെമ്മ ഗോപുരത്തിങ്കൽ, എൽസി ലേൂക്കാരൻ, മറിയാമ്മ ചന്ദ്രത്തിൽ, ലില്ലി ചക്യാത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കുമ്പിൾ ക്രിയേഷൻസ് പുറത്തിറക്കിയ ‘അനുപമസ്നേഹം’ സിഡി ആൽബത്തിലെ ജോസ് കുമ്പിളുവേലിൽ രചിച്ച ‘അമല മനോഹരാ’ എന്ന അർദ്ധശാസ്ത്രീയ ഗാനം മാത്യു പാറ്റാനി ആലപിച്ചു. പോൾ പ്ളാമൂട്ടിൽ, ഡീക്കൻ ജോസഫ് തെരുവത്ത്, ജോയി മാണിക്കത്ത് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. പ്രഫ.ഡോ. രാജപ്പൻനായരും സംഘവും, ജോസഫ് കോമറ്റവും സംഘവും അവതരിപ്പിച്ച ഹാസ്യചിത്രീകരണം, വിയന്നയിലെ രണ്ടാം തലമുറക്കാരി ശ്രീജ ചെറുകാട് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ കലാസായാഹ്നത്തെ കൊഴുപ്പുള്ളതാക്കി. സിറിയക് ചെറുകാടിന്റെ ഗാനമേളയോടുകൂടി കലാപരിപാടികൾ അവസാനിച്ചു.

സാബു ജേക്കബ് ആറാട്ടുകളം സ്വാഗതവും എൽസി വടക്കുചേരി നന്ദിയും പറഞ്ഞു. പരിപാടികൾ മേരി ക്രീഗർ മോഡറേറ്റ് ചെയ്തു.ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ, ഡാലെം, ബാസെൻ സെന്റ് ലുഡ്ഗെർ ഹൗസിലാണ് സംഗമം നടക്കുന്നത്.

ഇക്കൊല്ലത്തെ ജിഎംഎഫ് അവാർഡുകളായ ബെസ്റ്റ് പൊളിറ്റീഷ്യൻ ഓഫ് ഇൻഡ്യ അവാർഡ് രാജ്യസഭാ മുൻ എംപി, പി.രാജീവിനും, സാഹിത്യ മേഖലയിലെ അവാർഡ് യൂറോപ്പിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ജർമനിയിലെ ജോസ് പുന്നാംപറമ്പിലിനും ജൂലൈ 30 ന് ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനിക്കും.

<യ> റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ