ആഭ്യന്തരമന്ത്രിക്ക് വിദ്യാർഥിയുടെ എസ്എംഎസ്: അധ്യാപകരുടെ സ്‌ഥലംമാറ്റം റദ്ദായി
Saturday, July 30, 2016 2:51 AM IST
ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഹാരദി ഗ്രാമത്തിലുള്ള സർക്കാർ മോഡൽ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകരും നൂറുകണക്കിനു വിദ്യാർഥികളും ഇന്ന് ദിവിത് റായി എന്ന വിദ്യാർഥിയോടാണ് കടപ്പെട്ടിരിക്കുന്നത്. കാരണം സ്കൂളിലെ അധ്യാപകരുടെ സ്‌ഥലംമാറ്റം ഒഴിവായത് ദിവിത്തിന്റെ ഇടപെടൽ മൂലമാണ്.

സ്കൂളിലെ നാല് അധ്യാപകരെ സ്‌ഥലംമാറ്റാനുള്ള ഉത്തരവ് ദിവസങ്ങൾക്കുള്ളിൽ സർക്കാർ റദ്ദാക്കി. എല്ലാത്തിനും വഴിയൊരുക്കിയത് ദിവിത്തിന്റെ ഒരു എസ്എംഎസ്. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്കാണ് ദിവിത് എസ്എംഎസ് അയച്ചത്.

‘എന്റെ സ്കൂൾ കൗൺസിലിലെ ആഭ്യന്തരമന്ത്രിയാണ് ഞാൻ. എനിക്ക് താങ്കളോട് അഞ്ചു മിനിറ്റ് സംസാരിക്കണം’ എന്നാണ് ദിവിത് മന്ത്രിക്ക് സന്ദേശമയച്ചത്. എസ്എംഎസ് കണ്ട ആഭ്യന്തരമന്ത്രി വിദ്യാർഥിയെ ഫോണിൽ വിളിച്ചു. തന്റെ സ്കൂളിലെ നാല് അധ്യാപകരെയാണ് സ്‌ഥലംമാറ്റിയിരിക്കുകയാണെന്നും ഇത് തന്റെ പഠനത്തെ ബാധിക്കുമെന്നും ദിവിത് അദ്ദേഹത്തെ ബോധിപ്പിച്ചു. ഉചിതമായ നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

എന്തായാലും ദിവിതിന്റെ ഒറ്റമൂലി ഫലംകണ്ടു. രണ്ടുദിവസത്തിനു ശേഷം നാല് അധ്യാപകരുടെയും സ്‌ഥലംമാറ്റം റദ്ദാക്കിക്കൊണ്ട് പ്രൈമറി വിദ്യാഭ്യാസമന്ത്രി തൻവീർ സെയ്ദ് ഉത്തരവിറക്കി. ദിവിത്തിനെ അഭിനന്ദിക്കാനും വിദ്യാഭ്യാസമന്ത്രി മറന്നില്ല.

വിദ്യാർഥികൾക്ക് ഒരുതരത്തിലുമുള്ള പ്രയാസങ്ങൾ സൃഷ്‌ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ എണ്ണത്തിൽ കുറവു വന്നതോടെയാണ് അധ്യാപകരെ തൊട്ടടുത്ത സ്കൂളിലേക്ക് സ്‌ഥലംമാറ്റാൻ സർക്കാർ ഉത്തരവിട്ടത്. 432 വിദ്യാർഥികളാണ് നിലവിൽ സ്കൂളിലുള്ളത്.