ജോസഫ് ചാക്കോയെ ഓവർസീസ് ചേംബർ ഓഫ് കൊമേഴ്സ് ഹൂസ്റ്റൺ ആദരിക്കുന്നു
Saturday, July 30, 2016 8:35 AM IST
ഹൂസ്റ്റൺ: അമേരിക്കയിൽ മലയാളി സാന്നിധ്യം വിരളമായിരുന്ന 1970ൽ കൽക്കട്ട എയർഫ്രാൻസ് എയർലൈൻസിൽ ചേർന്ന കാലം മുതൽ കഴിഞ്ഞ 46 വർഷങ്ങളായി അമേരിക്കൻ മലയാളിയുടെ വഴികാട്ടിയും സുഹൃത്തുമായിരുന്ന ട്രാവിസ ടൂർസ് ആൻഡ് ട്രാവൽസ് സിഇഒ ജോസഫ് ചാക്കോയെ ഓവർസീസ് ചേംബർ ഓഫ് കൊമേഴ്സ് ഹൂസ്റ്റൺ (ഒകെസിസി) ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്നു.

ഹൂസ്റ്റണിലെ മലയാളി ബിസിനസ് സംരഭകരുടെ ഐക്യവേദിയായ ഒകെസിസി ഓഗസ്റ്റ് 12 നു (വെള്ളി) വൈകിട്ട് 6.30ന് സ്റ്റാഫോർഡിലുള്ള ഗസൽ ഇന്ത്യ റസ്റ്ററന്റിലാണ് സ്വീകരണം.

വിയറ്റ്നാം യുദ്ധത്തെ തുടർന്നു അമേരിക്കയിലെ ആശുപത്രികളിൽ നഴ്സുമാരുടെ ക്ഷാമംകൊണ്ട് ജിഎൻഎം (ജനറൽ നഴ്സിംഗ്) സർട്ടിഫിക്കറ്റുള്ള ഏതൊരു നഴ്സിനും ഉടനടി ഗ്രീൻകാർഡും വീസയും നൽകുന്നുണ്ടെന്ന വിവരം മനസിലാക്കിയ ജോസഫ് ചാക്കോ അതുമുതലാക്കി കോൽക്കത്ത മുതൽ റാഞ്ചി, പട്ന, ബൊക്കാറോ, റൂർക്കല, അസം പോർട്ട്ബ്ളയർ ആൻഡമാൻ വരെയുള്ള എല്ലാ മലയാളി നഴ്സുമാരെയും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് അമേരിക്കയിലെത്തിച്ചു തുടങ്ങിയ യത്നം 10 വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ 1980ൽ എയർഫ്രാൻസ് മദ്രാസിലേക്കു സ്‌ഥലം മാറ്റിയപ്പോഴും തുടർന്നു കൊണ്ടിരുന്നു. ആ സമയം, അമേരിക്കയിൽ എയ്ഡ്സിന്റെ അനന്തരഫലമായുണ്ടായ നഴ്സ് കൊഴിഞ്ഞുപോക്കലിനെ തുടർന്നുണ്ടായ അവസരം മുതലാക്കി. അപ്പോഴേയ്ക്കും കേരളത്തിലും കർണാടകയിലും നഴ്സിംഗ് സ്കൂളുകളുടെ പിൻബലത്തോടെ നൂറുകണക്കിനു നഴ്സുമാരെ അമേരിക്കയിലേക്കു വിടുന്നതിനു മദ്രാസിൽ ഈ രംഗത്തുണ്ടായിരുന്ന ഏക മലയാളി എന്ന നിലയിലും സൗജന്യസേവനം നൽകിയ വ്യക്‌തി എന്ന നിലയിലും ജോസഫ് ചാക്കോയ്ക്ക് സാധിച്ചു. (എയർ ഫ്രാൻസ് വഴി ടിക്കറ്റു വാങ്ങണമെന്ന ഒറ്റ നിബന്ധനയിൽ).

1989ൽ എയർഫ്രാൻസ് വിട്ടു സ്വന്തം നിലയിൽ അമേരിക്കൻ പാസേജസ് എന്ന പേരിൽ മദ്രാസിലെ വീട്ടിൽ നിന്നു തുടങ്ങിയ പ്രവർത്തനം ഒറ്റയ്ക്കു സാധിക്കാതെ വന്നപ്പോൾ ട്രാവിസ എന്നുപേരുള്ള ആദ്യത്തെ ഓഫീസ് കോട്ടയത്ത് 1992ൽ ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. പിന്നീട് ചെന്നൈയിലും പത്തനംതിട്ടയിലും തിരുവല്ലയിലും കൊച്ചിയിലും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ സ്വന്തം നാടായ കോട്ടയം അഞ്ചേരിയിലുമായി ഏഴ് ഓഫീസുകളായി ട്രാവിസ വളർന്നു പന്തലിച്ചിരുന്നു.

ഒന്നരലക്ഷം അമേരിക്കൻ വീസാകൾ ക്രമീകരിച്ചപ്പോൾ 2014 ലെ നെഹ്റു അവാർഡ് (ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ മികവിനും കഴിവിനും) അദ്ദേഹത്തെ തേടിയെത്തി. ഇപ്പോഴും പ്രതിവർഷം ശരാശരി മൂവായിരത്തോളം വിസിറ്റിംഗ് വീസകളും രണ്ടായിരത്തോളം ഇമിഗ്രേഷൻ വീസകളും 500ൽ അധികം മറ്റു വീസകളും യുഎസ് പാസ്പോർട്ട്, ഗ്രീൻ കാർഡ്, ഒസിഐ (ഛഇക) കാർഡ് മുതലായവയിൽ ആയിരത്തിലധികവും അമേരിക്കൻ മലയാളികളെ സേവിക്കാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്നു ജോസഫ് ചാക്കോ പറഞ്ഞു.

1973 മുതൽ ന്യൂയോർക്കിൽ ആദ്യമെത്തുമ്പോൾ ആകെയുണ്ടായിരുന്ന എട്ടു മാർത്തോമക്കാരുടെ പ്രാർഥനയോഗം മുതൽ അമേരിക്കയിലെ മാർത്തോമ സഭയുടെ വളർച്ച കണ്ട ഇദ്ദേഹം ആണ് മാർത്തോമ സഭയുടെ ഇന്നുവരെയും അമേരിക്കയിൽ വന്നിട്ടുളള വൈദീകരുടെ വീസ ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.

ഒകെസിസി പ്രസിഡന്റ് ലിഡ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു അവാർഡു സമ്മാനിക്കും.

സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക നേതാക്കളും മാധ്യമ പ്രവർത്തകരും ആശംസകൾ നേർന്നു സംസാരിക്കും.

വിവരങ്ങൾക്ക്: ഈശോ ജേക്കബ് 832 771 7647, അലക്സാണ്ടർ തോമസ് 713 408 7200.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി