നവയുഗം വായനാവേദി അനുശോചിച്ചു
Saturday, July 30, 2016 8:36 AM IST
ദമാം: വിശ്രുത ബംഗാളി എഴുത്തുകാരിയും ജ്‌ഞാനപീഠജേത്രിയും സാമൂഹികപ്രവർത്തകയുമായ മഹാശ്വേതാ ദേവിയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി വായനാവേദി അനുശോചിച്ചു.

സാഹിത്യസ്നേഹികളുടെ പ്രശംസ ഏറെ പിടിച്ചു പറ്റിയ ഝാൻസിർ റാണി, നാട്ടി, മധ്റേയ് മധുർ, യമുന കെ തീർ, എതോതു ആഷ, പ്രേമതാര, രുദാലി, ദ്രൗപദി, ഔട്ട്കാസ്റ്റ്, കുലാപുത്ര എന്നിവയുൾപ്പെടെ, ഇന്ത്യൻ ജീവിതത്തിന്റെ പരിച്ഛേദങ്ങളായ ഒട്ടേറെ നോവലുകളും കഥകളും സാമൂഹ്യപ്രസക്‌തിയുള്ള അനേകം ലേഖനങ്ങളും അവർ എഴുതിയിട്ടുണ്ട്.

ദന്തഗോപുരവാസിയായ എഴുത്തുകാരിയാകാൻ തയാറാകാതെ അനീതിക്കെതിരെ പാർശ്വവത്കരിക്കപ്പെട്ടവർ നടത്തുന്ന പോരാട്ടങ്ങൾക്കെല്ലാം പങ്കു ചേർന്നു അവർ സ്വന്തം പോരാട്ടവീര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ ‘ദീദി’യായിരുന്ന മഹാശ്വേതദേവിക്ക് ജ്‌ഞാനപീഠത്തിനു പുറമേ പത്മവിഭൂഷൺ ബഹുമതിയും മഗ്സസെ, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം