പ്രവാസി മലയാളികൾ അമേരിക്കയുടെ മുഖ്യധാരാ രാഷ്ര്‌ടീയത്തിലേക്കു കടന്നു വരണം: പി.ടി. തോമസ് എംഎൽഎ
Saturday, July 30, 2016 8:37 AM IST
ന്യൂയോർക്ക്: പ്രവാസി മലയാളികൾ അമേരിക്കയുടെ മുഖ്യധാരാ രാഷ്ര്‌ടീയത്തിലേക്കു കടന്നു വരണമെന്നു തൃക്കാര എംഎൽഎ പി.ടി. തോമസ് അഭിപ്രായപ്പെട്ടു. ന്യൂറോഷലിലുള്ള ഷേർളിസ് ഇന്ത്യൻ റസ്റ്ററന്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി മലയാളികളായ വളരെ അധികം ആളുകൾ അമേരിക്കയുടെ മുഖ്യധാരാ രാഷ്ര്‌ടീയമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിലും കൂടുതൽ ആളുകൾ അമേരിക്കയുടെ രാഷ്ര്‌ടീയത്തിലേക്കു കടന്നു വരികയും രാഷ്ര്‌ട നിർമാണത്തിൽ പങ്കളികളാവുകയും ചെയ്യണം. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നമ്മൾ അതിന്റെ നടുത്തുണ്ടം തന്നെ കഴിക്കാൻ തയാറാവണം. അതിൽ നമ്മുടെ വിശ്വാസങ്ങളാണ് ഏതു പക്ഷത്തു നിൽക്കുക എന്നത്.

ഇന്ത്യയിൽ ജാതി മത സംഘടനകളുടെ ഒരു അതിപ്രസരം ആണ് കാണാൻ കാഴിയുന്നത്. മത സംഘടനകളുടെ ഇഷ്ടത്തിനു അനുസരിച്ചു അവർ ജനങ്ങളെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്നു. ഇതിൽ നിന്നുള്ള ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികൾ കേരളത്തിന്റെ വികസനത്തിനുവേണ്ടി പരമാവധി മുതൽ മുടക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐഎൻഒസി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യഷതയിൽ കുടിയ യോഗത്തിൽ മുൻ മന്ത്രി കെ.സി. ജോസഫിന്റെ സഹോദരൻ കെ.സി. ബേബി, വർഗീസ് പുതുകുളങ്ങര, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ടെറൻസൺ തോമസ്, ജോ. സെക്രട്ടറി ആന്റോ വർക്കി, ജോൺ മാത്യു (ബോബി), ഡോ. ഫിലിപ്പ് ജോർജ്, കെ.ജി. ജനാർദ്ദനൻ, ഷവലിയർ ജോർജ് ഇട്ടൻ, സുരേന്ദ്രൻ നായർ, ഷാജി ആലപ്പാട്ട്, ഇട്ടൂപ്പ് ദേവസി, നിരീഷ് ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.

ടേസ്റ്റ് ഓഫ് കൊച്ചിനിൽ ഐഎൻഒസി നാഷണൽ വൈസ് ചെയർമാൻ കളത്തിൽ വർഗിസ്, പി.ടി. തോമസ് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തി.