കേരളത്തിൽ ജുഡീഷൽ അടിയന്തിരാവസ്‌ഥ: ദമാം മീഡിയ ഫോറം
Saturday, July 30, 2016 8:39 AM IST
ദമാം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ജോലിയെ തടസപ്പെടുത്തിയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലും കേരളത്തിലെ കോടതികളിൽ മാധ്യമ പ്രവർത്തകർക്കു ഒരു വിഭാഗം അഭിഭാഷകർ ഏർപ്പെടുത്തിയ വിലക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും നടപടിയിൽ ശക്‌തമായി അപലപിക്കുന്നതായും ദമാം മീഡിയ ഫോറം അറിയിച്ചു.

ഏറ്റവും ഒടുവിൽ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചതും തുടർന്നു മാധ്യമപ്രവർത്തകരെ അറസ്റ്റു ചെയ്തു ലോക്കപ്പിൽ അടച്ചതും കേരളത്തിൽ ജുഡീഷൽ അടിയന്തിരാവസ്‌ഥ നിലനിൽക്കുന്നതിനു തുല്യമാണെന്നും ദമാം മീഡിയ ഫോറം അഭിപ്രായപ്പെട്ടു.

സുപ്രീം കോടതിമുതൽ താഴോട്ടുള്ള എല്ലാ കോടതികളിലെയും വാർത്താ പ്രാധാന്യമുള്ള വിചാരണകളും വിധികളും ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തു വരുന്നതാണ്. എന്നാൽ കേരളത്തിലെ കോടതികൾക്കുള്ളിൽ മാത്രം മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നുള്ള ഒരുകൂട്ടം അഭിഭാഷകരുടെ ധാർഷ്ട്യം അംഗീകരിക്കാൻ കഴിയില്ലെന്നും ദമാം മീഡിയ ഫോറം വാർത്ത കുറിപ്പിൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം