ഫുജൈറ കത്തോലിക്ക ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
Saturday, July 30, 2016 8:39 AM IST
ഫുജൈറ: ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ മലയാളം കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുജൈറ നിത്യസഹായമാതാ കത്തോലിക്ക ദേവാലയത്തിൽ ആഘോഷിച്ചു.

ഷാർജ സെന്റ് മൈക്കൾസ് ഇടവക വികാരി ഫാ. വർഗീസ് ചെമ്പോളി ഒഎഫ്എം മുസഫ സെന്റ് പോൾസ് ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോൺ പടിഞ്ഞക്കര ഒഎഫ്എം എന്നിവർ ആഘോഷമായ തിരുനാൾ കുർബാനക്കു മുഖ്യ കാർമികത്വം വഹിച്ചു തിരുനാൾ സന്ദേശം നൽകി.

പ്രസുദേന്തി വാഴ്ച, തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തിരുശേഷിപ്പു വണക്കം, സ്നേഹവിരുന്ന് എന്നീ ശുശ്രൂഷകളിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുചേർന്നു.

ഇടവക വികാരി ഫാ. സഗായരാജ്, ആത്മീയഗുരു ഫാ.ജോയ് വാതല്ലൂർ മലയാളം കമ്യൂണിറ്റി കോഓഡിനേറ്റർ ജോർജ് മീനത്തെക്കോണിൽ, തിരുനാൾ കമ്മിറ്റി കൺവീനർ രാജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.

ജൂലൈ 20 മുതൽ 28വരെ തിരുനാളിനു മുന്നോടിയായി നടന്ന നൊവേനയ്ക്ക് ഫുജൈറ, കൽബ, ഖോർഫക്കാൻ, മസാഫി എന്നിവിടങ്ങളിലെ വിവിധ കുടുംബകൂട്ടായ്മകളാണ് നേതൃത്വം നൽകിയത്.