സെന്റ് ജോൺ പോൾ ബസലിക്കയിൽ മാർപാപ്പാ ബലിയർപ്പിച്ചു
Saturday, July 30, 2016 8:41 AM IST
ക്രാക്കോവ്: പോളണ്ടിലെ വിശുദ്ധ സെന്റ് ജോൺ പോൾ രണ്ടാമന്റെ നാമത്തിലുള്ള ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച രാവിലെ ദിവ്യബലിയർപ്പിച്ചു. ദിവ്യബലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

2002 ൽ ജോൺ പോൾ മാർപാപ്പായായിരുന്നപ്പോൾ ഈ ദേവാലയം സന്ദർശിച്ചിരുന്നു. ഇതു പുതുക്കിപണിയാനുള്ള മാർബിൾ ശില അന്ന് ആശീർവദിച്ചിരുന്നു.

ദിവബലിക്കിടെ നടത്തിയ പ്രസംഗത്തിൽ സുഖസൗകര്യങ്ങളുടെ പടവിൽ മാത്രം ഒതുങ്ങിക്കൂടാതെ ആവശ്യക്കാരുടെ ഇയിലേയ്ക്കു ഇറങ്ങിച്ചെന്ന് സൽകർമങ്ങളിൽ ഏർപ്പെട്ടു ദൈവത്തിന്റെ വചനം നൽകാൻ വിശ്വാസികളെ മാർപാപ്പ ഉദ്ബോധിപ്പിച്ചു.

ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരെപ്പോലെ നിങ്ങൾ ദൈവരാജ്യത്തിന്റെ മന്ത്രിമാരായി ഓരോരുത്തരേയും പരിപാലിക്കണമെന്നു മാർപാപ്പ പറഞ്ഞു. ‘നിങ്ങളുടെ വിശുദ്ധന്റെ വിളിയുടെ നാദം നിങ്ങൾ കേൾക്കുന്നില്ലേ. അദ്ദേഹം പറയുന്നതു നിങ്ങൾ ശ്രവിക്കുന്നില്ലേ.. ദയവായി വാതിലുകൾ തുറന്നിടൂ.. ഇതാണ് ജോൺ പോൾ വിശുദ്ധന്റെ അപേക്ഷ.’ ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

ഇരുകാലുകളും നഷ്ടപ്പെട്ട ഒരു കുട്ടിക്കായി മാർപാപ്പ കൊണ്ടുവന്ന കൃത്രിമ കാലുകൾ ദിവ്യബലിക്കുശേഷം അദ്ദേഹം കുട്ടിക്കു നൽകി.

ജലൈ 27നാരംഭിച്ച ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാനാണ് മാർപാപ്പ പോളണ്ടിൽ എത്തിയത്. ഞായറാഴ്ച രാവിലെ നടക്കുന്ന സമാപന ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികനായി പങ്കെടുത്തു സന്ദേശം നൽകും. തുടർന്നു അടുത്ത യുവജനവേദിയും പ്രഖ്യാപിക്കും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ