ദക്ഷിണേന്ത്യയിലെ ആദ്യ മണ്ണെണ്ണരഹിത നഗരമാകാൻ ബംഗളൂരു
Monday, August 1, 2016 2:20 AM IST
ബംഗളൂരു: രാജ്യത്തിന്റെ ഐടി തലസ്‌ഥാനമായ ബംഗളൂരു ദക്ഷിണേന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണരഹിത നഗരമാകുന്നു. നിലവിൽ ഡൽഹി, ചണ്ഡിഗഡ് നഗരങ്ങളാണ് മണ്ണെണ്ണരഹിതമായവ. സംസ്‌ഥാനത്തു നിന്നു പൂർണമായും മണ്ണെണ്ണ ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബംഗളൂരുവിൽ 15 ശതമാനം പേരാണ് ഗാർഹിക ആവശ്യത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നത്. അതേസമയം മറ്റു നഗരങ്ങളിൽ ഇത് 35 ശതമാനമാണ്. ബംഗളൂരുവിലെ മണ്ണെണ്ണ ഉപയോഗം നിർത്തലാക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും ഗ്യാസ് കണക്ഷൻ നല്കും.

കേന്ദ്രത്തിൽ നിന്നുള്ള മണ്ണെണ്ണ ക്വാട്ട 5.09 ലക്ഷം കിലോ ലിറ്ററിൽ നിന്ന് 90,000 കിലോ ലിറ്ററായി കുറച്ച ചുരുക്കം സംസ്‌ഥാനങ്ങളിലൊന്നാണ് കർണാടക. ഇതുവഴി കേന്ദ്രത്തിൽ നിന്ന് 75 കോടി രൂപ അധികഫണ്ടായി ലഭിക്കാൻ കാരണമാകുന്നു. ബംഗളൂരുവിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന എല്ലാ റേഷൻ കാർഡ് ഉടമകൾക്കും എൽപിജി കണക്്ഷൻ നല്കുന്നതിനായുള്ള പദ്ധതിനിർദേശം കേന്ദ്രത്തിന് അയച്ചുവെന്നും ഇതു യാഥാർഥ്യമായാൽ ഒന്നുരണ്ടു മാസത്തിനുള്ളിൽ ബംഗളൂരു മണ്ണെണ്ണരഹിത നഗരമായി മാറുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് കമ്മീഷണർ ഹർഷ് ഗുപ്ത അറിയിച്ചു.

അതേസമയം, എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും അധിക സിലിണ്ടറുകൾ നല്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ പറഞ്ഞു. നഗരത്തിലെ എല്ലാ അംഗീകൃത മണ്ണെണ്ണ ഉപയോക്‌താക്കളുടെയും പട്ടിക സർക്കാർ തയാറാക്കിവരികയാണ്. എൽപിജിയും മണ്ണെണ്ണയും ഒരുമിച്ച് ഉപയോഗിക്കുന്നവരെ പട്ടികയിൽ നിന്ന് ഒഴിവാക്കും.

സംസ്‌ഥാനത്തെ മണ്ണെണ്ണരഹിതമാക്കാൻ കഴിഞ്ഞ രണ്ടുവർഷമായി സർക്കാർ ശ്രമം നടത്തിവരികയാണ്.

എന്നാൽ ദരിദ്ര കുടുംബങ്ങൾക്ക് എൽപിജി കണക്ഷനു വേണ്ടിയുള്ള ഡെപ്പോസിറ്റ് തുക നല്കാനാവാത്തത് തിരിച്ചടിയാണ്. ഒരു സിലിണ്ടറിന് 2,400 രൂപയും രണ്ടെണ്ണത്തിന് 3,900 രൂപയുമാണ് ഡെപ്പോസിറ്റ് തുക.