വൈഫൈ വരും.. 200 ബസുകളിൽ
Monday, August 1, 2016 2:22 AM IST
ബംഗളൂരു: ബിഎംടിസി നഗരത്തിലെ 200 എസി ബസുകളിൽ വീണ്ടും വൈഫൈ സൗകര്യമൊരുക്കുന്നു. വിമാനത്താവളം, ഐടി മേഖലകൾ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന വജ്ര, വായു വജ്ര ബസുകളിലാണ് വൈഫൈ സൗകര്യം ഏർപ്പെടുത്തുന്നത്. ഇതിനു പുറമേ സുരക്ഷാ കാമറകളും സ്‌ഥാപിക്കുന്നുണ്ട്. ഇതിനായുള്ള ടെൻഡർ ഉടൻ വിളിക്കും.

ആദ്യഘട്ടത്തിൽ 200 ബസുകളിൽ സംവിധാനം ഒരുക്കിയ ശേഷം കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. യാത്രക്കാർ ഇതിനു പ്രത്യേക നിരക്ക് നല്കേണ്ടിവരില്ല. ഇന്റർനെറ്റ് ഡാറ്റയുടെ ചെലവും മറ്റ് ഉപകരണങ്ങളുടെ ചെലവും കരാർ ഏറ്റെടുക്കുന്ന കമ്പനി തന്നെയാകും വഹിക്കുക. എന്നാൽ ഡൗൺലോഡിംഗിനു പണം നല്കേണ്ടിവരും. കരാറിനായി സ്വകാര്യ കമ്പനികളുമായി ചർച്ച നടത്തിയെന്നും വൈഫൈ സംവിധാനം ഉടൻ നിലവിൽ വരുമെന്നും ബിഎംടിസി എംഡി ഏക്രൂപ് കൗർ അറിയിച്ചു.

2010ൽ വിമാനത്താവളത്തിലേക്കു സർവീസ് നടത്തുന്ന വായു വജ്ര ബസുകളിലാണ് പരീക്ഷണാടിസ്‌ഥാനത്തിൽ വൈഫൈ സംവിധാനം ഒരുക്കിയത്. 2014ൽ ഇത് 60 ബസുകളിലേക്ക് വ്യാപിപ്പിച്ചു.

എന്നാൽ കരാർ എടുത്ത സ്വകാര്യ കമ്പനി പിന്മാറിയതോടെ പദ്ധതി നിർത്തലാക്കുകയായിരുന്നു. യാത്രക്കാരുടെ ഭാഗത്തുനിന്ന് നിരന്തരം ആവശ്യമുയർന്ന സാഹചര്യത്തിലാണ് എസി ബസുകളിൽ വീണ്ടും വൈഫൈ ഏർപ്പെടുത്തുന്ന കാര്യം ബിഎംടിസി ആലോചിക്കുന്നത്.