ഒമാനിലും തൊഴിൽ പ്രതിസന്ധി; സ്വദേശികൾ അല്ലാത്ത നഴ്സുമാരെ പിരിച്ചുവിടുന്നു
Monday, August 1, 2016 3:07 AM IST
മസ്കറ്റ്: സൗദി അറേബ്യയിലെ തൊഴിൽ പ്രതിസന്ധിക്ക് പിന്നാലെ ഒമാനിലും വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന നഴ്സുമാർക്ക് പിരിച്ചുവിടുന്നതിന് മുന്നോടിയായുള്ള നോട്ടീസ് ലഭിച്ചു. 76 പേർക്കാണ് സ്വദേശിവത്കരണത്തിന്റെ പേരിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതിൽ 48 പേരും മലയാളികളാണ്.

90 ദിവസത്തെ സാവകാശമായിരുന്നു നോട്ടീസിൽ നൽകിയിരുന്നത്. ഇത് ഇന്ന് അവസാനിക്കും. ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

സൗദിയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടലുകൾ തുടങ്ങിയതിന് പിന്നാലെയാണ് ഒമാനിലും ഇന്ത്യക്കാർക്ക് പ്രതിസന്ധി. തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ അറിയിച്ചു. വിഷയം ചർച്ച ചെയ്യണമെന്ന കേരളത്തിൽ നിന്നുള്ള എംപിമാരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വേതനമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് എക്സിറ്റ് വീസ നൽകാൻ സൗദി അറേബ്യയോട് ആവശ്യപ്പെടുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.

അതേസമയം ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ നോർക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. എംബസി, മലയാളി സംഘടനകൾ, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപടികളെടുക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്.