ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ മെത്രാഭിഷേകവും കത്തീഡ്രൽ കൂദാശയും ഒക്ടോബർ ഒൻപതിന്
Monday, August 1, 2016 6:18 AM IST
പ്രസ്റ്റൺ: ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ സ്വന്തം രൂപത എന്ന ദീർഘകാല സ്വപ്നം പൂർണമാകുന്നതിന്റെ ഭാഗമായുള്ള മെത്രാഭിഷേകവും സ്‌ഥാനോരോഹണവും കത്തീഡ്രൽ പള്ളിയുടെ കൂദാശകർമവും രൂപതയുടെ ഉദ്ഘാടനവും ഒക്ടോബർ ഒൻപതിനു ആഘോഷിക്കുന്നു.

നിയുക്‌ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ പരിശുദ്ധ കത്തോലിക്കാ സഭയുടെ വിവിധ റീത്തുകളുടെ മഹനീയ ഉന്നത അധികാരികളുടെ കാർമികത്വത്തിലും സാന്നിധ്യത്തി മേല്പട്ട ശുശ്രൂഷ ഏറ്റെടുക്കും.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് റോമൻ കത്തോലിക്ക സഭ അധ്യക്ഷൻ കർദിനാൾ വിൻസന്റ് നിക്കോളസ്, സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആതിഥേയ ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ കാംപ്ബെൽ, മൈഗ്രന്റ്സ് കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജേക്കബ് മുരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി പുതുതായി നിയോഗിക്കപ്പെട്ട മോൺ. സ്റ്റീഫൻ ചിറപ്പണം, ഷിക്കാഗോ രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട്, മെൽബൺ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോളി കണ്ണൂക്കാടൻ തുടങ്ങി 20 ഓളം പിതാക്കന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും.

പ്രിസ്റ്റണിലെ വിശുദ്ധ അൽഫോൻസ ദേവാലയത്തെ കത്തീഡ്രൽ ആയി ഉയർത്തുന്ന കൂദാശകർമം, സ്‌ഥാനാരോഹണം, സീറോ മലബാർ സഭയുടെ യുകെയിലെ രൂപതയുടെ ഉദ്ഘാടനം തുടങ്ങിയ തിരുക്കർമങ്ങൾ വിശുദ്ധ അൽഫോൻസ ദേവാലയത്തിൽ നടത്തുവാനാണ് തീരുമാനം. തുടർന്നു സാംസ്കാരിക പരിപാടിയും അരങ്ങേറും.

യുകെ സീറോ മലബാർ സഭയുടെ ചരിത ധന്യ നിമിഷത്തെ പ്രൗഢ ഗംഭീരമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്കു അവരുടെ മാസ് സെന്ററുകളുടെ നേതൃത്വത്തിൽ ഓരോ വിശ്വാസികളും ആവേശപൂർവം കൈകോർത്തു കഴിഞ്ഞു.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ