അൽഐൻ എൻഎംസി സ്പെഷാലിറ്റി ഹോസ്പിറ്റൽ നിയോനേറ്റൽ ഐസിയു രണ്ടാമത് വാർഷികം ആഘോഷിച്ചു
Monday, August 1, 2016 6:18 AM IST
അൽഐൻ: അൽഐൻ എൻഎംസി സ്പെഷാലിറ്റി ഹോസ്പിറ്റലിലെ അത്യന്താധുനിക നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് സംവിധാനത്തിന്റെ രണ്ടാം വാർഷികം അൽഐനിലെ ദാനത്ത് അൽഐൻ റിസോർട്ട് ഹോട്ടലിൽ സംഘടിപ്പിച്ചു.

ഗർഭാവസ്‌ഥയിൽ പൂർണ വളർച്ച എത്താതെ പ്രസവിക്കാനിടയാകുന്ന കുഞ്ഞുങ്ങളെ പ്രത്യേക പരിചരണത്തിലൂടെ ജീവിതത്തിലേക്ക് ഉയർത്തുന്നതിനും ഇത്തരത്തിൽ ചികിത്സ നേടിയ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ബന്ധുക്കളും ഡോക്ടർമാരും നഴ്സിംഗ് ജീവനക്കാരും ഒത്തുചേർന്ന ആഘോഷചടങ്ങ് എൻഎംസി ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് വൈസ്ചെയർമാനും സിഇഒയുമായ ഡോ. ബി.ആർ.ഷെട്ടിയും ഭാര്യ ഡോ. സി.ആർ.ഷെട്ടിയും ചേർന്നു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌ഥാനപതി ടി.പി.സീതാറാം മുഖ്യാതിഥിയായിരുന്നു. എൻഎംസി ഹെൽത്ത് കെയർ ഡെപ്യൂട്ടി സിഇഒ പ്രശാന്ത് മങ്ങാട് പ്രസംഗിച്ചു.

ആരോഗ്യരക്ഷാരംഗത്തെ എൻഎംസിയുടെ നാലു ദശകത്തെ ചരിത്രത്തിൽ, ജനങ്ങളുടെ അതാതു കാലത്തെ ആവശ്യങ്ങൾ പഠിച്ചു മനസിലാക്കി ഏറ്റവും പ്രാപ്യമായ ചെലവിൽ അവ ലഭ്യമാക്കാൻ പ്രതിജ്‌ഞാബദ്ധമായി ശ്രമിച്ചിട്ടുണ്ടെന്നും അൽഐൻ എൻഎംസി സ്പെഷാലിറ്റി ഹോസ്പിറ്റലിലെ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് ഉൾപെടെ തങ്ങളുടെ ആശുപത്രികളിലെ നൂതന സൗകര്യങ്ങൾ അതിന്റെ തെളിവാണെന്നും ഡോ.ബി.ആർ.ഷെട്ടി പറഞ്ഞു. പ്രതികൂലാവസ്‌ഥയിൽ നിന്നും ജീവിതത്തിലേക്ക് ആനയിക്കപ്പെട്ട ഈ മുന്നൂറോളം കുരുന്നുകൾ അവരുടെ കുടുംബങ്ങളിൽ വിതറുന്ന ചിരിയും സന്തോഷവുമാണ് തങ്ങളുടെ ആദ്യപരിഗണനയെന്നും അദ്ദേഹം സൂചിപ്പിച്ചു.

വളരെ നിയന്ത്രിതവും കർശനവുമായ സാഹചര്യങ്ങൾ പാലിച്ചുകൊണ്ടു നടത്തേണ്ട ഈ ചികിത്സാ പദ്ധതിയിൽ മാതാപിതാക്കളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ കൂട്ടായ ശ്രമങ്ങളാണ് തങ്ങൾ സ്വീകരിക്കാറുള്ളതെന്നു ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് നിയോനാറ്റോളജിസ്റ്റുമായ ഡോ.അനിൽ പിള്ള പറഞ്ഞു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള