താമസ നിയമലംഘകരെ തേടി കുവൈത്ത്
Monday, August 1, 2016 6:36 AM IST
കുവൈത്ത് : താമസ രേഖകളോ തൊഴിൽ രേഖകളോ കൈവശമില്ലാത്ത നിയമലംഘകരെ പിടികൂടുവാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യാപക പരിശോധനക്ക് ഒരുങ്ങുന്നു.

രാജ്യത്ത് ഒരു ലക്ഷത്തോളം അനധികൃത താമസക്കാർ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. മുഴുവൻ നിയമലംഘകരെയും കണ്ടത്തെി നടപടിയെടുക്കാനുള്ള സമഗ്ര കർമപദ്ധതിക്കാണ് മന്ത്രാലയം തുടക്കം കുറിക്കുന്നത്. വിസിറ്റിംഗ് വീസയുടെ കാലാവധി പുതുക്കി രാജ്യത്തു തങ്ങുന്നവരുടെ കാര്യത്തിലും നടപടിയുണ്ടാകും. അമ്പതിനായിരത്തിലേറെ സന്ദർശകർ താത്കാലിക വീസയിൽ കഴിയുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സാമൂഹികക്ഷേമ മന്ത്രാലയവും മാനവവിഭവശേഷ വകുപ്പും ഒരുമിച്ചു ചേർന്നുള്ള സംയുക്‌ത നീക്കത്തിനാണ് അരങ്ങൊരുങ്ങുന്നത്.

സന്ദർശന വീസ അനുവദിക്കുന്നതിനു പ്രത്യേക മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം സാൽമിയ, മെഹ്ബൂല എന്നിവിടങ്ങളിൽ നടന്ന പരിശോധനകളിൽ ആയിരങ്ങളാണ് പിടിക്കപ്പെട്ടത്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ ഫഹദ് അൽ ഫഹദിന്റെയും മറ്റു മുതിർന്ന ഉദ്യോഗസ്‌ഥരുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ വൻ സന്നാഹങ്ങളുമായാണ് പോലീസ് പരിശോധന നടത്തുന്നത്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ