റഷ്യയുടെ മോഹങ്ങളെ തിട്ടപ്പെടുത്താൻ ഐഒസി മൂന്നംഗ സമിതി
Monday, August 1, 2016 8:24 AM IST
ബെർലിൻ: ഉത്തേജക മരുന്നിന്റെ പിടിയിലാണെന്നു സ്‌ഥിരീകരിച്ചു റഷ്യൻ ഒളിമ്പിക് താരങ്ങളെ വാഡയും കാസയും വിലക്കിയതിന്റെ പിന്നാലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ തീരുമാനം റഷ്യയുടെ അവസാനമോഹത്തിനു ചിറക മുളപ്പിക്കുമോ എന്നാണ് കായിക ലോകവും ഒളിമ്പിക് ആതിഥേയ രാജ്യമായ ബ്രസീലും ഉറ്റുനോക്കുന്നത്.

സ്വിറ്റ്സർലൻഡിലെ ലൊസേണിൽ ആരംഭിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിർവാഹക സമിതിയുടെ പുതിയ നിലപാടിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മൂന്നംഗ പാനലിൽ വേൾഡ് ആർച്ചറി പ്രസിഡന്റും ഐഒസി മെഡിക്കൽ ആൻഡ് സയന്റിഫിക് തലവനുമായ ഊഗർ എർഡേനർ, ഐഒസി അത്ലറ്റിക് കമ്മീഷൻ അംഗം ക്ലൗഡിയ ബോക്കൽ, മുൻ ഐഒസി പ്രസിഡന്റിന്റെ മകനും ഐഒസി സ്പാനിഷ് അംഗവുമായ ജുവാൻ അന്റോണിയോ സമരാഞ്ച് ജൂണിയർ എന്നിവരാണ് അംഗങ്ങൾ.

ഇതുവരെയായി ഉത്തേജകമരുന്നു ഉപയോഗിച്ചതായി തെളിഞ്ഞ താരങ്ങളെയാണ് വാഡയും കാസയും വിലക്കിയത്. ഇതിൽ 68 ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളും ഏഴ് നീന്തൽ താരങ്ങളും എട്ടു ഭാരോദ്വഹന താരങ്ങളമാണ് ഉൾപ്പെടുന്നത്.

നിലവിൽ ഏതാണ്ട് 250 ഓളം താരങ്ങൾക്ക് വിവിധ ഇനങ്ങളിൽ മൽസരിക്കാൻ അർഹതയുണ്ട്. ഇവരെല്ലാംതന്നെ റിയോയിലെ ഒളിമ്പിക് വില്ലേജിൽ ഇപ്പോഴും കടുത്ത പരിശീലനത്തിലാണ്. എന്നാൽ വിലക്ക് കിട്ടിയിട്ടുള്ള നീന്തൽ താരങ്ങളായ വ്ളാഡിമിർ മൊറോസോവ്, നികിത ലൊബിൻറ്റ്സേവ് എന്നിവർക്ക് കോർട്ട് ഓഫ് ആർബിട്രേഷൻ ആൻഡ്് സ്പോർട്ടിൽ അപ്പീൽ നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്.

എന്നാൽ റഷ്യൻ താരങ്ങൾ നിരന്തരം ഉത്തേജക മരുന്നു ഉപയോഗിക്കുന്നുണ്ടെന്നു പുറം ലോകത്തെ അറിയിച്ച റഷ്യൻ 800 മീറ്റർ ഓട്ടക്കാരിയും ലണ്ടൻ ഒളിമ്പിക്സിലെ സ്വർണമെഡലിസ്റ്റുമായ യൂലിയ സ്റ്റെപ്പനോവ ഇപ്പോഴും റിയോ ഒളിമ്പിക്സിൽ അനർഹരുടെ പട്ടികയിലാണ്. തന്നെ റിയോയിൽ മൽസരിക്കാൻ അനുവദിക്കണമെന്ന അഭ്യർഥന വീണ്ടും ഐഒസി നിരാകരിച്ചിരിക്കുകയാണ്. ഐഒസിയുടെ പുതിയ തീരുമാനങ്ങൾ പ്രസിഡന്റ് തോമസ് ബാഹിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 15 അംഗങ്ങൾ പങ്കെടുത്തു. ഐഒസി വക്‌താവ് മാർക്ക് ആഡാംസ് ആണ് തീരുമാനങ്ങൾ വെളിപ്പെടുത്തിയത്.

ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്സ് മാമാങ്കത്തിനു തിരി തെളിയുക.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ