ജർമനി പുകയുന്നു; മെർക്കലിനെതിരേ പ്രതിഷേധം രൂക്ഷം
Monday, August 1, 2016 8:25 AM IST
ബെർലിൻ: ജർമനിയിൽ ചാൻസലർ ആംഗല മെർക്കലിനെതിരായ പ്രതിഷേധം അനുദിനമെന്നോണം രൂക്ഷമാകുന്നു. അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങൾ മെർക്കലിന്റെ അഭയാർഥി നയത്തിലെ പിഴവിന്റെ ഫലമാണെന്ന പ്രചാരണം ശക്‌തിയാർജിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ജർമനിയിലെ വിവിധ നഗരങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനങ്ങളിൽ ഓരോയിടത്തും ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. മെർക്കൽ രാജിവയ്ക്കുക തന്നെ വേണം എന്ന മുദ്രാവാക്യമാണ് പ്രകടനത്തിൽ ഉടനീളം മുഴങ്ങികേട്ടത്. ഈ ആവശ്യം ഉന്നയിക്കുന്ന ബാനറുകളും പ്ലക്കാർഡുകൾ പ്രകടനക്കാർ ഉയർത്തിയിരുന്നു.

ഒറ്റയാഴ്ചയ്ക്കിടെ രാജ്യത്തുണ്ടായ നാല് ഭീകരാക്രമണങ്ങളാണ് അഭയാർഥി നയത്തിനെതിരായ ജനവികാരം ഇത്രയേറെ രൂക്ഷമാക്കിയത്. 12 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. നാല് ആക്രമണങ്ങളിൽ മൂന്നും നടത്തിയത് അഭയാർഥികളും.

ഈ സാഹചര്യത്തിൽ, ഇതു വരെ മെർക്കലിനൊപ്പം ഉറച്ചുനിന്ന സഖ്യകക്ഷികൾ പോലും അഭയാർഥി നയത്തിനുള്ള പിന്തുണ പിൻവലിച്ചിരിക്കുകയാണ്. കഴിഞ്ഞ ടേമിൽ പ്രതിപക്ഷമായിരിക്കുകയും ഇക്കുറി വിശാല മുന്നണി സർക്കാരിന്റെ ഭാഗമാകുകയും ചെയ്ത എസ്പിഡിയുടെ പിന്തുണ നഷ്‌ടപ്പെടുന്നതാണ് ഇതിൽ നിർണായകം. മെർക്കലിന്റെ സിഡി യുവിന്റെ ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യു നേരത്തെ തന്നെ അഭയാർഥി വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

മെർക്കലിന്റെ പ്രശസ്തമായ ‘വീ ക്യാൻ ഡൂ ഇറ്റ്’ മുദ്രാവാക്യത്തോടു താൻ യോജിക്കുന്നില്ലെന്നു സിഎസ്യു നേതാവും ബവേറിയൻ ഗവർണറുമായ ഹോഴ്സ്റ്റ് സീഹോഫർ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എസ്പിഡിയിൽനിന്ന് പരസ്യ പ്രതികരണം വന്നിട്ടില്ലെങ്കിലും മാറിയ സാഹചര്യത്തിൽ പ്രമുഖ നേതാക്കൾ പലരും മെർക്കലിനെതിരായിക്കഴിഞ്ഞുവെന്നാണ് സൂചന.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ