ഫാ. ടോമിനെക്കുറിച്ചു വിവരം ലഭ്യമായില്ല
Monday, August 1, 2016 10:13 PM IST
കോട്ടയം: യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരത്തിൽ കൂട്ടക്കൊല നടത്തുകയും രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിലിനെ ബന്ദിയാക്കുകയും ചെയ്ത നാല് അൽക്വയ്ദ തീവ്രവാദികൾക്കായി യെമനിലെ പോലീസ് ഊർജിത തെരച്ചിൽ തുടരുന്നു.

കൂട്ടക്കൊലയ്ക്ക് ഒത്താശ ചെയ്തതായി പറയുന്ന ഇമാം മുഹമ്മദ് സലാം അബ്ദയെ പോലീസ് തുടർച്ചയായി ചോദ്യംചെയ്തുവരികയാണ്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഒസാമ അൽ ഹദാരി, ഉമർ അൽ അസി, ഇസ്മയിൽ ദുറ, ഷെഖ്റിയ അൽ സക്കാഫ് എന്നിവരാണു കൂട്ടക്കൊല നടത്തിയതെന്ന് ഇമാം മുഹമ്മദ് വെളിപ്പെടുത്തിയതായി പോലീസ് സ്‌ഥിരീകരിച്ചതായി യെമനിലെ ചില കേന്ദ്രങ്ങൾ വ്യക്‌തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമേ പിടിയിലായിട്ടുള്ളൂ. കൂടുതൽ പേർ അറസ്റ്റിലായെന്ന വാർത്തകൾ അടിസ്‌ഥാനരഹിതമാണെന്നും ഈ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

കൂട്ടക്കൊല നടത്താൻ തീവ്രവാദി സംഘത്തിന് അനുമതി നൽകിയ ഇമാം മുഹമ്മദ് അബ്ദ, ഫാ. ടോം ഉഴുന്നാലിൽ ഇപ്പോൾ എവിടെയുണ്ടെന്നു വ്യക്‌തമല്ലെന്നാണു ചോദ്യംചെയ്യലിൽ പറഞ്ഞതത്രെ. അഗതിമന്ദിരത്തിൽനിന്നു ബന്ദിയാക്കി കൊണ്ടുപോയ ഫാ.ടോമിനെ നാലംഗ സംഘം ഇവരുടെ തന്നെ മറ്റു സംഘങ്ങൾക്കോ വേറെ തീവ്രവാദി ഗ്രൂപ്പുകൾക്കോ കൈമാറിയിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.

സോമാലിയയിൽനിന്നു യെമനിലേക്കു കടൽമാർഗം ചെന്ന കുടിയേറ്റക്കാരിൽപ്പെട്ടയാളാണ് ഇമാം മുഹമ്മദ്. ഏഡനിൽ സോമാലിയൻ വംശജരുടെ നിരവധി കോളനികൾ നിലവിലുണ്ട്. ഇവരിൽ വലിയൊരു വിഭാഗം തീവ്രവാദി സംഘടനകളോടു ചേർന്നു പ്രവർത്തിക്കുകയാണ്.

ഏഡനിലെ ഷേഖ് ഓത്മാനിലെ മോസ്ക് കേന്ദ്രീകരിച്ചാണ് ആക്രമണത്തിനു പദ്ധതിയിയിട്ടതെന്നു കഴിഞ്ഞദിവസം ഇമാം മുഹമ്മദ് സലാം കുറ്റസമ്മതം നടത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.

അഗതിമന്ദിരം ആക്രമിച്ചു മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകളെയും ജീവനക്കാരെയും ഉൾപ്പെടെ 16 പേരെ തീവ്രവാദികൾ കൊലപ്പെടുത്തിയശേഷമാണ് ഫാ.ടോമിനെ ബന്ദിയാക്കി കൊണ്ടുപോയത്. അവിടെ ശുശ്രൂഷ ചെയ്തിരുന്ന തൊടുപുഴ സ്വദേശി സിസ്റ്റർ സാലി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

യെമനിൽ ഇപ്പോഴും ആഭ്യന്തരയുദ്ധം തുടരുന്നതിനാൽ ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് എല്ലാ പ്രദേശങ്ങളിലേക്കും കടന്നു ചെല്ലാനാകുന്നില്ല. വടക്കൻ യെമൻ ഷിയാ വിമതരുടെയും തെക്കൻ യെമൻ ഐഎസ്, അൽ ക്വയ്ദ ഭീകരരുടെയും പിടിയിലാണ്. തെക്കൻ യെമനിൽ സൗദി അനുകൂല ഭരണകൂടമാണ് അധികാരത്തിലുള്ളത്. സൗദിയിൽനിന്നുള്ള പോലീസാണ് ഇവിടെ ആഭ്യന്തര സുരക്ഷയുടെ ചുമതല വഹിക്കുന്നതെന്നും ഏഡനിലെ കേന്ദ്രങ്ങൾ വ്യക്‌തമാക്കി.

<യ>റെജി ജോസഫ്