കേരളത്തിൽ മൂന്ന് എയർ സ്ട്രിപ്പുകൾക്ക് അനുമതി
Monday, August 1, 2016 10:23 PM IST
നെടുമ്പാശേരി: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പുതിയ നയം അനുസരിച്ച് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കാൻ കേരളത്തിൽ മൂന്ന് എയർ സ്ട്രിപ്പുകൾക്ക് അനുമതി. വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേക്കൽ ഫോർട്ട്, വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് എയർ സ്ട്രിപ്പുകൾ വരുന്നത്. വലിയ വിമാനങ്ങളിൽ വന്നിറങ്ങുന്നവർക്ക് എയർ സ്ട്രിപ്പുകളുള്ള സ്‌ഥലങ്ങളിലേക്കു പോകാൻ ചെറിയ വിമാനങ്ങൾ സർവീസ് നടത്തും.

വിനോദസഞ്ചാര മേഖലയ്ക്കും ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂട്ടുന്നതിനും ഇതു സഹായകമാകും. ഇന്ത്യയിൽ 53 എയർ സ്ട്രിപ്പുകളാണ് പുതുതായി ഉണ്ടാക്കുന്നത്. 2025 ഓടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 30 കോടിയാക്കുകയാണ് ലക്ഷ്യം. പ്രതിവർഷ ശരാശരി വർധന 20 ശതമാനമാണ്.