ഒമാനിൽ ഇനി കൗമാരക്കാർക്കും ജോലി ചെയ്യാം
Tuesday, August 2, 2016 8:20 AM IST
മസ്ക്കറ്റ്: സ്വദേശികളായ പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ള ഒമാനിലെ കൗമാരക്കാർക്ക് ഇനി മുതൽ രക്ഷാകർത്താവിന്റെ സമ്മത പത്രം ഹാജരാക്കുന്ന പക്ഷം ജോലി ചെയ്യാം. മാനവ വിഭവ ശേഷി മന്ത്രി ഷെയ്ഖ് അബ്ദുള്ള നാസർ അൽ ബക്രിയുടെ ഉത്തരവിലാണ് ഇത്തരമൊരു തീരുമാനമെന്നു മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

ജോലിക്കു കയറുന്ന കൗമാരക്കാർ സാമൂഹിക ക്ഷേമ മന്ത്രാലയത്തിൽ വിവരം അറിയിക്കുന്നതോടൊപ്പം സോഷ്യൽ ഇൻഷ്വറൻസിൽ പേരു രജിസ്റ്റർ ചെയ്യുകയും വേണം. ജോലിക്കു കയറുമ്പോഴും ആറു മാസത്തെ ഇടവേളകളിലും വൈദ്യപരിശോധനയും നിർബന്ധമാണ്. ഇതിന്റെ ചെലവുകൾ തൊഴിൽ ദാതാവാണ് വഹിക്കേണ്ടത്.

ബുക്കുകൾ, തുണികൾ തുടങ്ങി സമാന രീതിയിലുള്ള സാധനങ്ങൾ വിൽക്കുന്ന സ്‌ഥാപനങ്ങളിൽ സെയിൽസ്/ വിപണണവുമായി ബന്ധപ്പെട്ട 73 തസ്തികകളിലാണ് മന്ത്രാലയം കൗമാരക്കാർക്ക് ജോലി ചെയ്യാൻ അനുവദിച്ചിട്ടുള്ളത്.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം