പുതിയ ഭീഷണിയുമായി തുർക്കി; യൂറോപ്യൻ യൂണിയൻ അങ്കലാപ്പിൽ
Tuesday, August 2, 2016 8:22 AM IST
ബെർലിൻ: നടപ്പു വർഷം ഒക്ടോബറിനു മുമ്പു തുർക്കിക്കാർക്ക് യൂറോപ്യൻ യൂണിയനിലെ ഷെങ്ഗൺ സോണിൽ വീസായില്ലാതെ സ്വൈര്യസഞ്ചാരം അനുവദിച്ചില്ലെങ്കിൽ തുർക്കി തടഞ്ഞുവച്ചിരിക്കുന്ന മുഴുവൻ അഭയാർഥികളെയും തുറന്നുവിടുമെന്ന ശക്‌തമായ ഭീഷണിയുമായി തുർക്കി രംഗത്തുവന്നത് യൂറോപ്യൻ യൂണിയനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

അഭയാർഥികളെ തടയണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ മേയിൽ തുർക്കിയും ഇയുവും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇതിൻപ്രകാരം തുർർക്കിക്ക് സഹായധനമായി ആറു മില്യൻ യൂറോ നൽകിയിരുന്നു. ഇതുകൂടാതെ ഇയു സോണിൽ വീസാരഹിത സഞ്ചാരവും അനുവദിച്ചു നൽകുമെന്നു കരാറുണ്ടാക്കിയിരുന്നു. പക്ഷെ ഇയു മുന്നോട്ടുവച്ച 72 അടിസ്‌ഥാന കാര്യങ്ങളിൽ വ്യക്‌തത വരുത്തിയെങ്കിൽ മാത്രമേ ഇത് അനുവദിക്കുകയുള്ളൂവെന്നു അർഥശങ്കയ്ക്കിട നൽകാത്തവിധം അറിയിച്ചിരുന്നു.

ഇതിനിടെ തുർക്കിയിൽ പ്രസിഡന്റ് എർദോഗനെ അട്ടിമറിക്കാൻ നടത്തിയ പ്രതിപക്ഷനീക്കത്തെ അടിച്ചമർത്തൽ ഭരണത്തിലൂടെ വേണ്ടിവന്നാൽ തൂക്കിക്കൊലയുൾപ്പെടെയുള്ള നടപടികൾ കൊണ്ടുവരുമെന്നുള്ള തുറന്ന പ്രഖ്യാപനം ഇയുവിനെ നിരാശരാക്കി. അങ്ങനെയെങ്കിൽ വീസാരഹിത വീസാ കാര്യങ്ങളിൽ ഒരു പുനർവിചിന്തനം വേണ്ടിവരുമെന്ന ഇയു നേതാക്കളുടെ നിലപാടാണ് തുർക്കിയെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. 80 ലക്ഷം ജനങ്ങളാണ് തുർക്കിയിൽ വസിക്കുന്നത്.

ഇതിനിടെ പാശ്ചാത്യ രാജ്യ നേതാക്കൾക്കെതിരേ തുർക്കി പ്രസിഡന്റ് എർദോഗൻ വീണ്ടും ആഞ്ഞടിക്കുന്നു. പാശ്ചാത്യ നേതാക്കൾ അവരുടെ കാര്യം നോക്കിയാൽ മതിയെന്നും തന്റെ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടന്നുമാണ് മുന്നറിയിപ്പ്.

ജനാധിപത്യം സംരക്ഷിക്കുന്നതിൽ അവർക്കു താത്പര്യമില്ല. കുറ്റവാളികളെ ശിക്ഷിക്കുന്നതിലാണ് അവർ ദുഃഖിക്കുന്നതെന്നും അത്തരക്കാർക്ക് തുർക്കിയുടെ സുഹൃത്തുക്കളാകാൻ കഴിയിലെന്നും എർദോഗൻ പറഞ്ഞു.

ജൂലൈ 15ലെ പട്ടാള അട്ടിമറി ശ്രമത്തെ തുടർന്നു തുർക്കി കൈക്കൊണ്ട നടപടികളെ പടിഞ്ഞാറൻ നേതാക്കൾ വിമർശനം അഴിച്ചുവിട്ടിരുന്നു.

അവർ അവരുടെ കാര്യം നോക്കട്ടെ. ഭീകരാക്രമണത്തിൽ 10 പേർ മരിച്ചപ്പോൾ നിങ്ങളാണ് (പടിഞ്ഞാറൻ രാഷ്ട്രങ്ങൾ) ലോകത്തെ തീ പിടിപ്പിച്ചത്. തുർക്കിയിലെ പ്രസിഡന്റിനെതിരെ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പോൾ സർക്കാരിനൊപ്പം നിൽക്കേണ്ടതിനു പകരം നിങ്ങൾ കുറ്റവാളികൾക്കൊപ്പമാണ് നിലയുറപ്പിക്കുന്നത് –എർദോഗൻ പറഞ്ഞു.

എന്നാൽ ജർമനിയുടെ ഉപചാൻസലർ സീഗ്മാർ ഗാബ്രിയേൽ ഇതിനെതിരെ ശക്‌തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ജർമനിയിൽ എർദോഗാനു പിന്തുണയറിയിച്ച് ജർമനിയിൽ തുർക്കികൾ പ്രകടനം നടത്തിയിരുന്നു. എന്നാൽ പ്രകടനക്കാരെ എർദോഗൻ അഭിസംബോധചെയ്യുന്ന വീഡിയോ ക്ലിപ്പ് ജർമനി നിഷേധിച്ചിരുന്നു. ഏതാണ്ട് 30 ലക്ഷം തുർക്കികൾ ജർമനിയിലുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ