ഇന്ത്യൻ തൊഴിലാളികൾക്കു സഹായമെത്തിക്കാൻ വി.കെ. സിംഗ് സൗദിയിൽ
Wednesday, August 3, 2016 12:27 AM IST
ന്യൂഡൽഹി: സൗദി അറേബ്യയിൽ തൊഴിൽ നഷ്‌ടമായതിനെത്തുടർന്നു പട്ടിണിയിലായ ഇന്ത്യക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് സൗദിയിൽ എത്തി. പതിനായിരത്തോളം ഇന്ത്യക്കാരാണു ദൈനംദിനാവശ്യങ്ങൾക്കുപോലും വഴികാണാതെ ലേബർ ക്യാമ്പുകളിൽ നരകയാതനയുമായി കഴിയുന്നത്.

റിയാദിലെ ഇന്ത്യൻ എംബസി തൊഴിലാളികൾക്ക് സൗജന്യറേഷൻ നൽകുന്നുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ അറിയിച്ചിരുന്നു. എണ്ണവില ഇടിഞ്ഞതിനെത്തുടർന്നു സൗദി അറേബ്യൻ സമ്പദ്വ്യവസ്‌ഥ നേരിടുന്ന പ്രതിസന്ധികളാണ് ഇന്ത്യൻ തൊഴിലാളികളെയും ബാധിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

മന്ത്രി വി.കെ. സിംഗ് പ്രശ്നപരിഹാരത്തിനായി സൗദി അധികൃതരുമായി ചർച്ച നടത്തും. സ്‌ഥിതിഗതികൾവീക്ഷിക്കുന്നുണ്ടെന്നു വിദേശകാര്യമന്ത്രാലയ വക്‌താവ് ഡൽഹിയിൽ അറിയിച്ചു. ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ വിശദാംശങ്ങൾ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ശേഖരിച്ചിട്ടുണ്ട്. 20 ക്യാമ്പുകളിലായി 7,700 തൊഴിലാളികളാണു കടുത്ത ദുരിതം അനുഭവിക്കുന്നതെന്നാണു പ്രാഥമിക കണക്കുകൾ.

സൗദി ഒജർ കമ്പനിയിലെ ജീവനക്കാരായ 4072 പേർ റിയാദിലെ ഒമ്പത് ക്യാമ്പുകളിലും ദമാമിലെ ഒരു ക്യാമ്പിലുമായി കഴിയുന്നുണ്ട്. സാദ് ഗ്രൂപ്പിലെ 1457 ജീവനക്കാർ ദമാമിലെ രണ്ടു ക്യാമ്പുകളിലും കഴിയുന്നു.

ഷിഫ സനായ കമ്പനിയിലെ അഞ്ചു പേരും തായിയ കോൺട്രാക്ടിംഗ് കമ്പനിയിലെ 13 പേരും ഒരു ക്യാമ്പിലാണു കഴിയുന്നത്. റിയാദിലെ 14 ക്യാമ്പുകളിലായി കഴിയുന്ന 5547 ഇന്ത്യൻ തൊഴിലാളികൾക്കു റിയാദിലെ ഇന്ത്യൻ എംബസി സഹായമെത്തിച്ചിട്ടുണ്ട്.

ജിദ്ദയിലെ ആറു ക്യാമ്പുകളിൽ കഴിയുന്ന സൗദി ഒജർ കമ്പനിയിലെ 2153 ഇന്ത്യക്കാർക്ക് ഇന്ത്യൻ കോൺസുലേറ്റ് ഭക്ഷണമടക്കമുള്ള സഹായമെത്തിച്ചിട്ടുണ്ട്.