നായാട്ട് തടയാൻ വനത്തിൽ ശ്വാനസേനയെത്തും
Wednesday, August 3, 2016 5:52 AM IST
മൈസൂരു: സംസ്‌ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ നായാട്ട് തടയുന്നതിനായി, പ്രത്യേക പരിശീലനം ലഭിച്ച ശ്വാനസേനയെ വിന്യസിക്കാൻ വനംവകുപ്പ് നീക്കം നടത്തുന്നു.

ബന്ദിപ്പുർ, നാഗർഹോളെ, ബിലിഗിരി രംഗനാഥ എന്നീ വന്യജീവി സങ്കേതങ്ങളിലാണ് ഇവയെ നിയോഗിക്കുന്നത്. രണ്ടു ജർമൻ ഷെപ്പേർഡ്, ഒരു ബൽജിയൻ ഷെപ്പേർഡ് എന്നിവയെയാണ് ജോലിക്കായി നിർവഹിച്ചിരിക്കുന്നത്. ബന്ദിപ്പുർ വനത്തിൽ നായാട്ട് തടയുന്നതിനായി സേവനമനുഷ്ഠിച്ചിരുന്ന റാണ എന്ന നായ നിരവധി നായാട്ടുകാരെ പിടികൂടാൻ സഹായിച്ചിരുന്നു. ഈ പ്രവർത്തനം പരിഗണിച്ചാണ് ശ്വാനസേനയെ നിയമിക്കുന്നത്.

മധ്യപ്രദേശിലെ ബിഎസ്എഫിന്റെ തെകാൻപുർ അക്കാദമിയിലാണ് ശ്വാനസേനയ്ക്ക് പ്രത്യേക പരിശീലനം നല്കുന്നത്. സെപ്റ്റംബറിൽ ഇവയെ പൂർണസജ്‌ജരായി വിന്യസിക്കുമെന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.