ബ്രാൻഡ് ബംഗളൂരു: ഉപദേശക സമിതിയെ നിയോഗിച്ചു
Wednesday, August 3, 2016 5:53 AM IST
ബംഗളൂരു: ബ്രാൻഡ് ബംഗളൂരു പദ്ധതിയുടെ ഭാഗമായി ടൂറിസം മന്ത്രി പ്രിയങ്ക് ഖാർഗെയുടെ നേതൃത്വത്തിൽ സർക്കാർ പത്തംഗ ഉപദേശക സമിതിയെ നിയോഗിച്ചു. പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കർമപദ്ധതി തയാറാക്കുന്നതിനാണ് ഉപദേശക സമിതി രൂപീകരിച്ചത്. വിനോദസഞ്ചാര വകുപ്പിലെ പ്രധാന ഉദ്യോഗസ്‌ഥരും വിവിധ മേഖലകളിലെ പ്രമുഖരുമാണ് സമിതിയിലെ അംഗങ്ങൾ. ബ്രാൻഡ് ബംഗളൂരുവിന്റെ ഭാഗമായി നടപ്പാക്കാൻ പറ്റുന്ന പദ്ധതികൾ സംബന്ധിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുബിർ ഹരി സിംഗ്, നഗരകാര്യ വിദഗ്ധൻ വി. രവിചന്ദർ, നഗര പദ്ധതികാര്യ വിദഗ്ധൻ നരേഷ് വി. നരസിംഹൻ, നിയമവിദഗ്ധൻ സിദ്ധാർഥ രാജ, ഹോസ്പിറ്റാലിറ്റി വിദഗ്ധൻ സുന്ദർ രാജു, ആർക്കിടെക്ട് നരേന്ദ്ര പിർഗാൽ, പരിസ്‌ഥിതി പ്രവർത്തകൻ സത്യപ്രകാശ് വാരണാസി എന്നിവരടങ്ങിയതാണ് സമിതി.