റിയാദിന്റെ ശശിയേട്ടൻ ഓർമയായി
Wednesday, August 3, 2016 6:27 AM IST
റിയാദ്: തലസ്‌ഥാന നഗരിയിലെ പ്രവാസി സമൂഹത്തിൽ മുപ്പതു വർഷത്തിലേറെയായി സാമൂഹ്യ സാംസ്കാരിക പ്രവർത്തനം നടത്തിയിരുന്ന ശശിയേട്ടൻ എന്ന ശശികുമാർ പിള്ള (63) മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.

തിരുവനന്തപുരം സ്വദേശിയായ ശശി പിള്ള വർഷങ്ങളായി മുംബൈയിലെ അംബർനാഥിലാണ് താമസം. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ശശി പിള്ളയെ രണ്ടു തവണ റിയാദിൽ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ തലയ്ക്കുണ്ടായിരുന്ന മുഴ മസ്തിഷ്കാർബുദമാണെന്നു തിരിച്ചറിഞ്ഞിരുന്നു. വിദഗ്ദ ചികിത്സക്കായി മുംബൈയിലേക്ക് പോകാനിരുന്നപ്പോഴാണ് അവസാനമായി ജോലി ചെയ്തു വന്ന ജിമാർട്ട് സ്റ്റോറിനു തീപിടിച്ച് പാസ്പോർട്ട് കത്തി നശിച്ചത്. പിന്നീട് പുതിയ പാസ്പോർട്ട് എടുത്ത ശേഷം പത്തു ദിവസം മുൻപാണ് നാട്ടിൽ പോയത്. ജൂലൈ 30നു ആശുപത്രിയിൽ പരിശോധനക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൂന്നു ദിവസമായി വെൻറിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്‌ഥിരീകരിച്ചത്.

റിയാദിൽ വലിയൊരു സുഹൃദ് വലയമുണ്ടായിരുന്ന ശശി പിള്ള നിരവധി സംഘടകളുടെ പ്രവർത്തനങ്ങളളിൽ സജീവ പങ്കാളിയായിരുന്നു. അവസാനമായി ഒഐസിസി റിയാദ് ഘടകത്തിലും തിരുവനന്തപുരം ജില്ലാ കൂട്ടായ്മയിലും പ്രവർത്തിച്ചിരുന്ന ശശി പിള്ള കല, തറവാട്, ടെക്സ, ഒഐസിസി, സാരംഗി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. നല്ല ഒരു സംഘാടകനായ ശശി പിള്ള ഒഐസിസി ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി കൺവീനറായിരുന്നു. 34 വർഷമായി സൗദി അറേബ്യയിലുള്ള ശശി പിള്ള എട്ടു വർഷത്തോളം മലസിലെ എഇഎസ് അറേബ്യ എന്ന കമ്പനിയിലായിരുന്നു. ജിമാർട്ടിൽ രണ്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു.

സംസ്കാര ചടങ്ങുകൾ ബുധനാഴ്ച മുംബൈയിൽ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: മേരി ജോർജ് റിയാദിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മക്കൾ: ശ്യാമ (യുഎസ്എ), ശാരി (മുംബൈ), ശാലിനി (യുഎസ്എ).

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ