ബഹറിൻ കെഎംസിസി മലപ്പുറം ജില്ല പ്രവാസി വിധവാ പെൻഷൻ പദ്ധതിക്കു തുടക്കമായി
Thursday, August 4, 2016 7:05 AM IST
മനാമ: ബഹറിൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രവാസി വിധവ പെൻഷൻ പദ്ധതിക്കു തുടക്കമായി. ജില്ലാ കമ്മിറ്റിയുടെ വാർഷിക പ്രവർത്തന പദ്ധതിയായ റഹ്മ 2016–17 പദ്ധതിയിലുൾപ്പെട്ട ഈ പെൻഷൻ പദ്ധയിലേയ്ക്കുള്ള ഫണ്ട് ഉദ്ഘാടനം മനാമയിൽ നടന്ന ചടങ്ങിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഭാഷാ അനുസ്മരണ സമ്മേളന വേദിയിൽ നിർവഹിച്ചു.

പെൻഷൻ പദ്ധതിയിലേക്ക് കുഞ്ഞഹമ്മദ് വളാഞ്ചേരി നൽകിയ ഫണ്ട് ജില്ലാ ജോ.സെക്രട്ടറി ആബിദ് ചെട്ടിപ്പടിയും മറ്റൊരു അനുഭാവി നൽകിയ ഫണ്ട് ശിഹാബ് നിലമ്പൂരിൽ നിന്ന് ജില്ലാ ജോ.സെക്രട്ടറി മൗസൽ മൂപ്പനും ഏറ്റുവാങ്ങി.

മലപ്പുറം ജില്ലയിലെ നിർധനപ്രവാസികളുടെ വിധവകൾക്കാണ് മാസം തോറും നിശ്ചിത തുക പെൻഷനായി നൽകുന്നത്. ജില്ലയിലെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖേനെയാണ് ഇതിനുള്ള അവകാശികളെ കണ്ടെത്തുന്നത്. പഞ്ചായത്ത് കമ്മിറ്റികൾ രേഖാമൂലം അറിയിക്കുന്ന അവകാശികളെ കുറിച്ച് വ്യക്‌തമായി അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം പഞ്ചായത്ത് കമ്മിറ്റികൾ മുഖേനെ തന്നെ മാസം തോറും പെൻഷൻ വിതരണം ചെയ്യും.

ആദ്യഘട്ടത്തിൽ 15 പേർക്ക് ആയിരം രൂപ വീതമാണ് പെൻഷൻ നൽകുന്നത്. പ്രവാസികളുടെ സഹായ സഹകരണങ്ങൾ ഈ സംരംഭത്തിനുണ്ടാവണമെന്നു ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം മൻപാട്ടു മൂല അഭ്യർഥിച്ചു.

പ്രവാസി വിധവ പെൻഷനു പുറമേ റഹ്മ 2016–17 പദ്ധയിലുൾപ്പെടുത്തിയ മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. ഇതിൽ നിലവിൽ സ്റ്റേറ്റ് കമ്മിറ്റി പ്രഖ്യാപിച്ച 51 പ്രവാസി ബൈത്തുറഹ്മ വീടുകളുടെ പ്രവർത്തനങ്ങൾക്കാണ് കമ്മിറ്റി മുഖ്യ പരിഗണന നൽകുന്നത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.