വാഹനാപകടത്തിൽ മരിച്ച നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Thursday, August 4, 2016 7:12 AM IST
റിയാദ്: കഴിഞ്ഞ മാസം അൽഖർജിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കണ്ണുർ ചെറുകുന്ന് ഒദയമ്മടം സ്വദേശി നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച ദർമടം ശ്മശാനത്തിൽ.

കഴിഞ്ഞ 25 വർഷത്തിലേറെയായി ദമാമിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്ന അമ്പത്തൊന്നുകാരനായ നരായണൻ കഴിഞ്ഞ മാസം അഞ്ചിനു അൽഖർജിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. അപകടത്തിൽ ഒരു സൗദി പൗരനും മരിച്ചിരുന്നു. മരിച്ച നാരായണന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് മലയാളിയായ ഷാജി ഗുരുതരമായി പരിക്കുകളോടെ റിയാദിലെ അൽ ഇമാൻ ആശുപത്രിയിൽ ചികിത്സയിലാണ്.

അൽഖർജിൽ നിന്ന് ഏകദേശം 80 കിമി അകലെയാണ് അപകടം. നാരായണൻ യാത്ര ചെയ്തിരുന്ന ട്രെയിലറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിക്കപ്പ് നിയന്ത്രണം വിട്ട് ട്രെയിലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീ പിടിക്കുകയായിരുന്നു.

കണ്ണുർ ചെറുകുന്ന്് വലിയ വളപ്പിൽ വീട്ടിൽ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ് നാരായണൻ. ഭാര്യ ഉഷ. മക്കൾ സനേഷ്, സ്വാതി, ഷിതിൻ.

കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരായ ജോണി, കിഷോർ, ബിജു, കേളി അൽഖർജ് ഏരിയ സെക്രട്ടറി ശ്രീകാന്ത്, നാരായണന്റെ നാട്ടുകാരായ വിനോദ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്.