സീറോ മലബാർ കൾചറൽ ഫെസ്റ്റ് ‘ദർശനം 2016’ ഓഗസ്റ്റ് ആറിന്
Thursday, August 4, 2016 7:13 AM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസ ദേവാലയത്തിൽ നടക്കുന്ന സംയുക്‌ത തിരുനാളിനോടനുബന്ധിച്ചു സീറോ മലബാർ യൂത്ത് മൂവ്മെന്റ് നേതൃത്വം നൽകുന്ന കൾചറൽ ഫെസ്റ്റ് ദർശനം 2016 സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് ആറിനു (ശനി) വൈകുന്നേരം നാലിന് ചെംസൈഡ് വെസ്റ്റ് (685 ഹാമിൽട്ടൻ റോഡ്) ക്രേഗ്സലി സ്റ്റേറ്റ് സ്കൂൾ ഹാളിൽ ഫാ. ഫെർണാഡോയുടെ കാർമികത്വത്തിലുള്ള ദിവ്യബലിയെത്തുടർന്നാണ് കൾചറൽ ഫെസ്റ്റ് അരങ്ങേറുക.

ക്യൂൻസ്ലാൻഡ് പ്രതിപക്ഷ നേതാവും മുൻ ട്രഷററുമായ ടിം നിക്കോൾസ്, ക്യൂൻസ് ലാൻഡ് വികസന, മൈനിംഗ് മന്ത്രി ആന്റണി ലൈനം എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ മേരി മക്ലിപ്പിന്റെയും തിരുനാളിന്റെ കൊടിയേറ്റു ഓഗസ്റ്റ് അഞ്ചിനു (വെള്ളി) നടക്കും. വൈകുന്നേരം ഏഴിനു പ്രസുദേന്തി വാഴ്ച, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോൺ പനന്തോട്ടം കാർമികത്വം വഹിക്കും.

ഏഴിനു (ഞായർ) മൂന്നിനു ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. വർഗീസ് വാവോലി മുഖ്യകാർമികത്വം വഹിക്കും. ബ്രിസ്ബേൻ രൂപതാധ്യക്ഷൻ മാർക്ക് കോൾറിഡ്ജ് തിരുനാൾ സന്ദേശം നൽകും. തുടർന്നു വിശുദ്ധ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം, സ്നേഹവിരുന്ന്, കരിമരുന്നു കലാപ്രകടനം എന്നിവ നടക്കും. നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ചർച്ച് ആണ് തിരുനാളിന്റെ വേദി.

തിരുനാളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ഇടവക വികാരി ഫാ. വർഗീസ് വാവോലി സ്വാഗതം ചെയ്തു.

ഷൈജു തോമസ്, കരോൾസൺ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: ജോളി കരുമത്തി