33,000 കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ
Friday, August 5, 2016 4:35 AM IST
ബംഗളൂരു: നഗരത്തെ മണ്ണെണ്ണവിമുക്‌തമാക്കി മാറ്റുന്നതിന്റെ ഭാഗമായി 33,000 കുടുംബങ്ങൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രാലയം സൗജന്യ എൽപിജി കണക്ഷൻ നല്കും. കേന്ദ്രസർക്കാരിന്റെ ഉജ്വല പദ്ധതി പ്രകാരമാണ് ഈ നടപടി.

സെപ്റ്റംബറോടെ എല്ലാവർക്കും എൽപിജി കണക്ഷൻ നല്കും. തുടർന്ന് മണ്ണെണ്ണയുടെ വിതരണം പൂർണമായി അവസാനിപ്പിക്കും. നാലു മാസമായി മണ്ണെണ്ണയുടെ ഉപയോഗം 90,000 ലിറ്ററോളം കുറയ്ക്കാനായതായി അധികൃതർ അവകാശപ്പെട്ടു. കേന്ദ്രത്തിൽ നിന്നുള്ള മണ്ണെണ്ണ ക്വാട്ട 5.09 ലക്ഷം കിലോ ലിറ്ററിൽ നിന്ന് 90,000 കിലോ ലിറ്ററായി കുറച്ച ചുരുക്കം സംസ്‌ഥാനങ്ങളിലൊന്നാണ് കർണാടക. ഇതുവഴി കേന്ദ്രത്തിൽ നിന്ന് 75 കോടി രൂപ അധികഫണ്ടായി ലഭിക്കാൻ കാരണമാകുന്നു. ബംഗളൂരുവിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന എല്ലാ റേഷൻ കാർഡ് ഉടമകൾക്കും എൽപിജി കണക്ഷൻ നല്കുന്നതിനായുള്ള പദ്ധതിനിർദേശം കേന്ദ്രത്തിന് അയച്ചിരുന്നു.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണരഹിത നഗരമാകാനാണ് ബംഗളൂരു ഒരുങ്ങുന്നത്. നിലവിൽ ഡൽഹി, ചണ്ഡിഗഡ് നഗരങ്ങളാണ് മണ്ണെണ്ണരഹിതമായവ. സംസ്‌ഥാനത്തു നിന്നു പൂർണമായും മണ്ണെണ്ണ ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബംഗളൂരുവിൽ 15 ശതമാനം പേരാണ് ഗാർഹിക ആവശ്യത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നത്. അതേസമയം മറ്റു നഗരങ്ങളിൽ ഇത് 35 ശതമാനമാണ്.