ജോർജിയയിൽ ഇരട്ടക്കുട്ടികൾ കാറിനുള്ളിൽ ചൂടേറ്റു മരിച്ചു
Friday, August 5, 2016 6:22 AM IST
കരോൾട്ടൻ (ജോർജിയ): പതിനഞ്ചു മാസം പ്രായമുളള ഇരട്ട പെൺകുട്ടികൾ നിസാൻ എസ്യുവിക്കുള്ളിൽ ചൂടേറ്റു മരിച്ചതായി കരോൾട്ടൻ പോലീസ് അറിയിച്ചു.

ടിൽമാൻ ഡ്രൈവിലുളള അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വിവരം അറിഞ്ഞു പോലീസ് സ്‌ഥലത്തെത്തുമ്പോൾ വാഹനത്തിൽനിന്ന് അബോധാവസ്‌ഥയിലായ കുട്ടികളെ അയൽവാസികൾ പുറത്തെടുത്ത് ഐസ് പായ്ക്കിൽ വയ്ക്കുന്നതാണു കണ്ടത്. രണ്ടു കുട്ടികളെയും ഉടനെതന്നെ കരോൾട്ടൻ ടാനർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവം സംബന്ധിച്ചു കാരൾ കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കുട്ടികളുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മാതാവ് ഒരു കാറപകടത്തിൽപ്പെട്ട് അറ്റ്ലാന്റായിൽ ചികിത്സയിലായിരുന്നു.

വെസ്റ്റേൺ റീജണിൽ വൈകുന്നേരം 90 ഡിഗ്രിയിൽ കൂടുതൽ ചൂടാണു രേഖപ്പെടുത്തിയിരുന്നത്.

സൂര്യതാപം ശക്‌തിപ്പെട്ടതിനെത്തുടർന്നു അശ്രദ്ധമായി കാറിൽ കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾ ചൂടേറ്റു മരണപ്പെടുന്ന സംഭവങ്ങൾ അടുത്തിടയായി പല ഭാഗത്തു നിന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 53 ശതമാനവും മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്നാണ് സർവേ റിപ്പോർട്ടുകൾ. ഈ വർഷം മാത്രം ഇതുവരെ 24 കുട്ടികളാണു കാറിൽ ചൂടേറ്റു മരണപ്പെട്ടിട്ടുള്ളത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ