റിപ്പബ്ലിക്കൻ ക്യാമ്പിൽ വിമതനീക്കം: ട്രംപിനു വിശ്വാസ്യത കുറയുന്നു
Friday, August 5, 2016 6:25 AM IST
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ ക്യാമ്പിൽ സ്വരചേർച്ചയില്ലായ്മ തുടരുന്നു. ഡൊണാൾഡ് ട്രംപിനെ സ്‌ഥാനാർഥിത്വത്തിൽനിന്നു മാറ്റി മറ്റൊരാളെ കൊണ്ടുവരുവാനുള്ള തിരക്കിട്ട നീക്കം നടക്കുകയാണെന്നാണ് ഉൾപാർട്ടി വിവരം. ട്രംപിനെ അട്ടിമറിക്കാനുള്ള സാധ്യത തുലോം വിരളമാണെങ്കിലും ഇതിനായി ചില നേതാക്കൾ ശക്‌തമായ പ്രവർത്തനം നടത്തിവരികയാണ്.

റിപ്പബ്ലിക്കൻ ക്യാമ്പിലെ ചില നേതാക്കളാണ് ഇതിനു നേതൃത്വം നൽകുന്നത്.
ട്രംപിനു പകരമായി ഹൗസ് സ്പീക്കർ പോൾ റയാനെയോ സെന ജോൺ മക്കെയിനെയോ കൊണ്ടുവരാനാണ് ഇവരുടെ നീക്കം. വീണ്ടും പ്രൈമറി നടത്തിയാൽ ഇരുവരെയും പിന്തുണയ്ക്കാൻ പല നേതാക്കളും മുന്നോട്ടുവന്നിട്ടുണ്ട്.

ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് സ്‌ഥാനത്തേയ്ക്കു മത്സരിക്കുന്ന മൈക്ക് പെൻസ്, റയാനു പിന്തുണ അറിയിച്ചു. റയാനെയും മക്കെയിനെയും പിന്തുണയ്ക്കില്ല എന്ന പ്രസ്താവനയും ക്യാപ്റ്റൻ ഹുമയൂൺഖാനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദം കെട്ടടങ്ങാത്തതും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ചു മൃദുസമീപം സ്വീകരിക്കാൻ പാർട്ടി നേതാക്കൾ ട്രംപിനോടാവശ്യപ്പെട്ടു.

എന്നാൽ തന്റെ പ്രചാരണം ശരിയായ രീതിയിലാണു മുന്നോട്ടുപോകുന്നതെന്നു ഫ്ളോറിഡയിൽ നടന്ന യോഗങ്ങളിൽ ട്രംപ് അവകാശപ്പെട്ടു.

അതേസമയം, രണ്ട് പ്രധാന റിപ്പബ്ലിക്കൻ നേതാക്കളായ ഇല്ലിനോയിൽനിന്നുള്ള ജനപ്രതിനിധിയും ഇറാഖ് യുദ്ധ വിമുക്‌തഭടനുമായ ആഡം കിൻസിഞ്ചർ, മുൻ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാനും മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ വിശ്വസ്തനുമായ മാർക്ക് റാസികോട്ട് എന്നിവർ ട്രംപിനുള്ള പിന്തുണ പിൻവലിച്ചു.

ആർഎൻസി കൺവൻഷനിൽ ട്രംപിൽ കണ്ട മാറ്റം പല പാർട്ടി നേതാക്കളിലും ആത്മവിശ്വാസം വീണ്ടെടുക്കാനായിട്ടുണ്ട്. എന്നാൽ ട്രംപ് തന്റെ പഴയ സ്വരൂപത്തിലേക്കു മടങ്ങിപ്പോയിരിക്കുകയാണെന്നു ഇവർ ആരോപിക്കുന്നു. ലേബർ ഡേ ദിനമായ സെപ്റ്റംബർ അഞ്ചിനു മുമ്പായി സ്‌ഥിതിഗതികൾ സാധാരണനിലയിലേക്ക് മാറിയില്ലെങ്കിൽ ഹൗസ്, സെനറ്റ് സ്‌ഥാനാർഥികൾക്കുവേണ്ടി പാർട്ടി ഫണ്ട് തിരിച്ചുവിടുമെന്നു ആർഎൻസി പറയുന്നു.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്