ഒക്ലൻഡിൽ കാവാലം അനുസ്മരണ സന്ധ്യ ഓഗസ്റ്റ് 27ന്
Saturday, August 6, 2016 6:35 AM IST
ഒക്ലൻഡ്: ന്യൂസിലൻഡിലെ ഒക്ലൻഡിൽ കാവാലം നാരായണപ്പണിക്കർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് കിവി ഇന്ത്യൻസ് തിയേറ്റർ കാവാലം സന്ധ്യ അവതരിപ്പിക്കുന്നു.

ഓഗസ്റ്റ് 27നു ഒക്ലൻഡിലെ പാപ്പറോയിറ്റോയിലുള്ള സെന്റ് ജോർജ് ആംഗ്ലിക്കൻ ചർച്ച് ഹാളിൽ വൈകുന്നേരം ആറിനാണ് സന്ധ്യ അരങ്ങേറുക.

ഒക്ലൻഡിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന അനുസ്മരണ സന്ധ്യയിൽ കാവാലം ഗാനങ്ങൾ, കാവാലം സാഹിത്യം, കാവാലം നാടക സംഗ്രഹം, നാടകരംഗങ്ങൾ, നാടക കളരി സമർപ്പണം തുടങ്ങിയവ അവതരിപ്പിക്കുന്നതാണ്.

പത്തുവർഷത്തിലധികമായി ആറു മലയാള നാടകങ്ങൾ ന്യൂസിലൻഡിലെ വിവിധ വേദികളിൽ അവതരിപ്പിച്ച കിവി ഇന്ത്യൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് സംരംഭത്തിനു പിന്നിൽ. ചടങ്ങിൽ കിവി ഇന്ത്യൻസ് തിയേറ്റർ അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്റെ സമർപ്പണവും നടക്കും.

പ്രവേശനം സൗജന്യമായ കലാസന്ധ്യയിൽ കേരള വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ടെന്നു കിവി ഇന്ത്യൻസ് ചെയർമാൻ ജോസഫ് ജോർജ് അറിയിച്ചു.

<ആ>റിപ്പോർട്ട്: സോബി ബർണാർഡ് തോമസ്