അബുദാബി ശക്‌തി അവാർഡു സമർപ്പണം ഷൊർണൂരിൽ
Saturday, August 6, 2016 6:37 AM IST
അബുദാബി: മുപ്പതാമത് അബുദാബി ശക്‌തി അവാർഡും ഇരുപത്തെട്ടാമത് തായാട്ട് അവാർഡും പത്താമത് ടി.കെ. രാമകൃഷ്ണൻ പുരസ്കാരവും രണ്ടാമത്
എരുമേലി അവാർഡും ഓഗസ്റ്റ് 28നു (ഞായർ) ഷൊർണൂർ മയിൽ വാഹനം ഓഡിറ്റോറിയത്തിൽ (ഒഎൻവി നഗർ) മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.

ഗൾഫിലെ പ്രമുഖ പുരോഗമന സാംസ്കാരിക സംഘടനയായ അബുദാബി ശക്‌തി തിയറ്റേഴ്സ് എർപ്പെടുത്തിയതാണ് ശക്‌തി അവാർഡ്. ശക്‌തി തിയറ്റേഴ്സും പ്രശസ്ത സാഹിത്യനിരൂപകൻ തായാട്ട് ശങ്കരന്റെ സഹധർമ്മിണി പ്രഫ. ഹൈമവതി തായാട്ടും സംയുക്‌തമായി ഏർപ്പെടുത്തിയതാണ് തായാട്ട് അവാർഡ്.

കവിത, നോവൽ ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാല സാഹിത്യം, നാടകം എന്നീ സാഹിത്യ ശാഖകളിൽപെടുന്ന കൃതികൾക്ക് അബുദാബി ശക്‌തി അവാർഡുകളും ഇതരസാഹിത്യകൃതികളിൽ പെടുന്ന കൃതികൾക്ക് എരുമേലി അവാർഡും സാഹിത്യ നിരൂപണത്തിന് തായാട്ട് അവാർഡും നൽകിവരുന്നു.

1987ൽ അബുദാബി ശക്‌തി അവാർഡ് രൂപീകരിച്ചതുമുതൽ 2006 വരെ അവാർഡ് കമ്മിറ്റി ചെയർമാനും മുൻ മന്ത്രിയുമായ ടി.കെ. രാമകൃഷ്ണന്റെ സ്മരണയ്ക്കായ് സാംസ്കാരിക വൈജ്ഞാനിക വിഭാഗങ്ങളിൽ മികവു തെളിയിച്ച വ്യക്‌തികൾക്കു നൽകുന്നതാണ് ടി.കെ.രാമകൃഷ്ണൻ പുരസ്കാരം.

രാവിലെ ഒമ്പതിനു കവി ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ‘സംസ്കാരവും ശാസ്ത്രബോധവും’ എന്ന വിഷയത്തിൽ ഡോ. ബി. ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തും.
അവാർഡുദാന സമർപ്പണം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അബുദാബി ശക്‌തി അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ എംപി അധ്യക്ഷത വഹിക്കും. അവാർഡ് ജേതാക്കളായ കെ.പി. രാമനുണ്ണി, സുധ എസ്. നന്ദൻ, ഏഴച്ചേരി രാമചന്ദ്രൻ, പ്രശാന്ത് നാരായണൻ, അർഷാദ് ബത്തേരി, ഡോ. ബി. ഇഖ്ബാൽ, പി.കെ. കനകലത, ഡോ. ചന്ദവിള മുരളി, ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ഡോ. എൻ.വി. പി. ഉണ്ണിത്തിരി എന്നിവർക്ക് മുഖ്യമന്ത്രി അവാർഡുകൾ സമർപ്പിക്കും. അവാർഡു കൃതികളെ കവി എൻ. പ്രഭാവർമ്മ പരിചയപ്പെടുത്തും. എം.ബി. രാജേഷ് എംപി തായാട്ട് അനുസ്മരണ പ്രഭാഷണം നിർവഹിക്കും. സി.കെ. രാജേന്ദ്രൻ, പി.കെ. ശശി എംഎൽഎ, പി. ഉണ്ണി എംഎൽഎ എന്നിവർ സംസാരിക്കും.

പരിപാടികളുടെ വിജയത്തിനായി ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ ബി. വിമലയുടെ അധ്യക്ഷതയിൽ പി.കെ. ശശി എംഎൽഎ ചെയർമാനായും എസ്. കൃഷ്ണദാസ് കൺവീനറുമായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതായി അവാർഡ് കമ്മിറ്റു കൺവീനർ എ.കെ. മൂസ മാസ്റ്റർ അറിയിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള