ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഡാളസിൽ വർണാഭമായ തുടക്കം
Saturday, August 6, 2016 6:38 AM IST
ഡാളസ്: ടെക്സസിലെയും ഒക്ലഹോമയിലെയും സീറോ മലബാർ ഇടവകകൾ സംയുക്‌തമായി നടത്തുന്ന സ്പോർട്സ് ഫെസ്റ്റിനു (ഐപിഎസ്എഫ് 2016) ഡാളസിൽ വർണാഭമായ തുടക്കം.

ഗാർലൻഡ് സെന്റ് തോമസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് അഞ്ചിനു നടന്ന ചടങ്ങിൽ ഷിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. റീജണിലെ മറ്റു ഇടവകളിൽ നിന്നുള്ള വികാരിമാരും കോഓർഡിനേറ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു.

എട്ടു ഇടവകകളിൽ നിന്നുള്ള പ്രത്യേക മാർച്ചു പാസ്റ്റും പരേഡും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. സെന്റ് തോമസ് ഫൊറോന വികാരി ഫാ. ജോഷി എളമ്പാശേരിൽ, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ കലാപരിപാടികളും ഫ്ളോർ ഷോകളും തുടർന്നു വേദിയിൽ അവതരിക്കപ്പെട്ടു. ഐപിഎസ്എഫിനുവേണ്ടി തയാറാക്കിയ പ്രത്യക തീം സോംഗ്, പ്രോഗ്രാം മാനേജർ പോൾ തോമസിന്റെ ആഭുഖ്യത്തിൽ ആലപിച്ചു.

വിവിധ പാരീഷുകളിൽ നിന്നുള്ള കോഓർഡിനേറ്റേഴ്സും മത്സരാർഥികൾക്കുമൊപ്പം ഇടവക സമൂഹവും ചേർന്നപ്പോൾ മൂന്നു ദിവസം നടക്കുന്ന കായികമേളക്ക് ഉത്സവാന്തരീക്ഷമാണ്. 15 മത്സര ഇനങ്ങളിൽ വിവിധ കാറ്റഗറികളിൽ രണ്ടു വേദികളായി ആകെ മുന്നൂറു മത്സരങ്ങളാണ് മൂന്നു ദിവസങ്ങളിലായി പൂർത്തിയാവുക. ഇന്നലെ നടന്ന ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യം പൂർത്തിയായ ക്രിക്കറ്റ് ഫൈനലിൽ സെന്റ് ജോസഫ് ഹൂസ്റ്റൺ ചാമ്പ്യര്യരായി. ആദ്യ ദിവസം പൂർത്തിയായ മത്സരങ്ങളുടെ സമ്മാനദാനം മാർ ജേക്കബ് അങ്ങാടിയത്തും മറ്റു വൈദികരും ചേർന്നു നിർവഹിച്ചു.

ഗാർലാൻഡ് സെന്റ് തോമസ് ഫൊറോന ആതിഥേയത്വം വഹിക്കുന്ന ഫെസ്റ്റിനു ഫൊറോന വികാരി ഫാ. ജോഷി എളമ്പാശേരിൽ (ചെയർമാൻ), ഇമ്മാനുവൽ കുഴിപ്പിള്ളിൽ, ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്), ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ, ജയിംസ് കൈനിക്കര എന്നിവരാണ് നേതൃത്വം നൽകുന്നത്.

സാഹോദര്യത്തിലും ഐക്യത്തിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു മഹനീയവേദിക്കു കൂടിയാണ് ഐപിഎസ്എഫ് സാക്ഷ്യമേകുന്നത്.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ