ഡൽഹി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ അയ്യൻകാളി അനുസ്മരണം ഏഴിന്
Saturday, August 6, 2016 6:39 AM IST
ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടത്തുന്ന പ്രതിവാര സംത് സംഗമത്തിന്റെ ഭാഗമായി അയ്യൻകാളിയുടെ നൂറ്റിഅമ്പത്തിമൂന്നാം ജയന്തി ആഘോഷിക്കുന്ന ഓഗസ്റ്റ് 28നു മുന്നോടിയായി അനുസ്മരണം നടത്തും.

രാവിലെ 10.30ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.പി. മണിയപ്പൻ ഉദ്ഘാടനം ചെയ്യും. ബോർഡ് മെംബർ എം.കെ. അനിൽ കുമാർ അധ്യക്ഷത വഹിക്കും. പ്രവാസി പുലയ വെൽഫെയർ സൊസൈറ്റി ഡൽഹി ജനറൽ സെക്രട്ടറി പി. വിജയൻ മുഖ്യപ്രഭാഷണം നടത്തും.

അയ്യൻകാളിയും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തിൽ സ്വാമി നാരായണ ഋഷി പ്രഭാഷഠണം നടത്തും. അയ്യൻകാളി സാമൂഹ്യപരിഷ്കർത്താവ് എന്ന വിഷയത്തിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറി മനോജ് കല്ലറ പ്രഭാഷണം നടത്തും.

സത്സംഗമത്തിന്റെ ഭാഗമായി നടത്തുന്ന പ്രത്യേക പൂജകൾ രാവിലെ 5.30ന് ആരംഭിക്കും. 7.30 മുതൽ രോഹിണി ശാഖയുടെ നേതൃത്വത്തിൽ ഭജനയും രണ്ടിനു ഗുപ്ത കോളനി നിവാസികൾക്കു അന്നദാനവും നടത്തും.