ഡോർ ഡെലിവറി: റോബോട്ടുകളും ഡ്രോണുകളും ഏറ്റെടുക്കും
Saturday, August 6, 2016 8:15 AM IST
ബർലിൻ: കത്തു മുതൽ പിസയും വിദൂരത്തുനിന്ന് ഓർഡർ ചെയ്യുന്ന ഉപഭോഗ വസ്തുക്കളും വരെ ഡോർ ഡെലിവറി നടത്തിവരുന്നത് മനുഷ്യരാണ്. എന്നാൽ, സമീപ ഭാവിയിൽ തന്നെ ഈ ജോലി റോബോട്ടുകളും ഡ്രോണുകളും ഏറ്റെടുക്കുന്ന നിലയിലേയ്ക്കാണ് കാര്യങ്ങൾ.

ഹെർമെസ് പോലുള്ള പല വമ്പൻ റീട്ടെയിൽ, ഡെലിവറി സർവീസ് സ്‌ഥാപനങ്ങളും റോബോട്ടുകളുടെ സേവനം ഉപയോഗിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

എസ്റ്റോണിയൻ – ബ്രിട്ടീഷ് കമ്പനിയായ സ്റ്റാർഷിപ്പ് ഇത്തരത്തിൽ ഒരു റോബോട്ടിന്റെ രൂപകല്പന പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു. മീഡിയ മാർക്കറ്റ് എന്ന ഇലകട്രോണിക്സ് ശൃംഖല വൈകാതെ ഇതിനെ പരീക്ഷണാടിസ്‌ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങും.

അടുത്ത മാസം മുതൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഉപയോക്‌താക്കൾക്ക് റോബോട്ടു വഴി പാഴ്സലുകൾ എത്തിക്കാനാണ് മീഡിയ മാർക്കറ്റ് തീരുമാനിച്ചിരിക്കുന്നത്.

പതിനഞ്ചു കിലോഗ്രാം വരെയുള്ള പായ്ക്കറ്റുകൾ വഹിക്കാൻ ശേഷിയുള്ള റോബോട്ട് ആറു വീലുകളിലാണ് സഞ്ചരിക്കുന്നത്. അഞ്ചു കിലോമീറ്റർ മാത്രമായിരിക്കും ഇതിന്റെ വേഗം. അതിനാൽ ബ്രേക്കിട്ടാൽ മുപ്പതു സെന്റീമീറ്ററിനുള്ളിൽ നിൽക്കും.

ഒമ്പത് കാമറകൾ ഉപയോഗിച്ചാണ് വഴി കണ്ടുപിടിക്കുന്നത്. കൂടാതെ ഓഫീസിൽ ഇരിക്കുന്ന സൂപ്പർവൈസറുടെ നിരീക്ഷണവും നിയന്ത്രണവും ഉണ്ടാകും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ