ലാൽബാഗിൽ പൂക്കാലമായി: വിസ്മയക്കാഴ്ചയായി റോസാപ്പൂ പാർലമെന്റ്
Saturday, August 6, 2016 8:26 AM IST
ബംഗളൂരു: ഉദ്യാനനഗരത്തിൽ പൂക്കാലം വിരിയിച്ച് ലാൽബാഗ് പുഷ്പമേളയ്ക്കു തുടക്കമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഹോർട്ടികൾചർ വകുപ്പിന്റെ നേതൃത്വത്തിലാണ് ലാൽ ബാഗിലെ ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മേള ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്. മല്ലികാർജുൻ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനു പേരാണ് ആദ്യദിനം പുഷ്പമേളയിൽ പങ്കെടുക്കാനെത്തിയത്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെയാണ് മേള.

ഈമാസം 15 വരെ നീളുന്ന മേളയിൽ അപൂർവ ഇനങ്ങളിൽപെട്ട പുഷ്പങ്ങളും പ്രദർശനത്തിനെത്തിക്കുന്നുണ്ട്. ഡ്വാർഫ് ഏഷ്യാറ്റിക് ലില്ലി, തായ് മുല്ല, ഹവായൻ ചെമ്പരത്തി തുടങ്ങിയ അപൂർവപുഷ്പങ്ങൾ കാണാൻ സന്ദർശകർക്ക് അവസരമുണ്ട്. ശനിയും ഞായറുമായി ഗ്ലാസ് ഹൗസിൽ ബോസായി, ഇകെബന പുഷ്പങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. നാലുലക്ഷം റോസാപുഷ്പങ്ങൾ കൊണ്ടു നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയായിരിക്കും ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണം. 32 കലാകാരന്മാരും 52 വിദഗ്ധരും ചേർന്ന് ഒമ്പതു ദിവസം കൊണ്ടാണ് ഈ പുഷ്പമന്ദിരം തയാറാക്കിയത്.

ഹോർട്ടികൾചർ വകുപ്പിൽ രണ്ടു ദശാബ്ദക്കാലത്തിലേറെ സേവനം ചെയ്ത എം.എച്ച്. മാരിഗൗഡയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിനു ആദരമർപ്പിച്ചാണ് ഇത്തവണ മേള ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ ഹൈബ്രിഡ് സീഡ് കമ്പനിയുടെ പുഷ്പപ്രദർശനവും മേളയിലുണ്ടാകും. പുഷ്പമേളയോടനുബന്ധിച്ച് വൻ സുരക്ഷയാണ് ലാൽബാഗിൽ ഒരുക്കിയിരിക്കുന്നത്.