മോണിക്കാ സുക്കാസിനു പ്രവീൺ ആക്ഷൻ കൗൺസിൽ അവാർഡ്
Monday, August 8, 2016 12:39 AM IST
ഷിക്കാഗോ: റേഡിയോ ന്യൂസ് റീഡറും, കാർബൺഡേയ്ലിലെ കമ്യൂണിറ്റി ലീഡറുമായ മോണിക്കാ സുക്കാസിനു പ്രവീൺ ആക്ഷൻ കൗൺസിലിന്റെ അവാർഡ് ഷിക്കാഗോ ഡൗൺ ടൗണിൽ നടന്ന പീസ് ഫുൾ റാലിയിൽ വച്ചു നൽകപ്പെട്ടു.

പ്രവീൺ ആക്ഷൻ കൗൺസിൽ കൺവീനർമാരായ മറിയാമ്മ പിള്ള, ഗ്ലാഡ്സൺ വർഗീസ്, പ്രവീണിന്റെ മാതാവ് ലൗലി വർഗീസ്, പിതാവ് മാത്യു വർഗീസ്, ഫാ. ലിജു പോൾ, ഷാജൻ വർഗീസ് എന്നിവർ ചേർന്ന് നൽകുകയുണ്ടായി. പ്രവീൺ കേസിന്റെ ആദ്യംമുതൽ തന്നെ പ്രവർത്തിച്ച അവർ കേസിന്റെ തെളിവുകൾ ശേഖരിക്കുന്നതിൽ സ്പെഷൽ പ്രോസിക്യൂട്ടറെ സഹായിക്കുന്നതിൽ നേതൃത്വം വഹിച്ചു. കുറ്റക്കാരായ പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററെ കൂടുതൽ സഹായിച്ചത് മോണിക്കാ സുക്കാസ് ആണ്.

റേഡിയോയിൽക്കൂടിയും, സോഷ്യൽ മീഡിയയിൽക്കൂടിയും, ടിവിയിൽ കൂടിയും കേസ് അന്വേഷണത്തിന്റെ പുരോഗതിയും, പോലീസും സ്റ്റേറ്റ് അറ്റോർണിയും ചേർന്ന് കേസിന്റെ ഗതി തിരിച്ചുവിടുന്നതിനെക്കുറിച്ചും ജനങ്ങൾക്ക് അവർ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു.

പ്രവീണിന്റെ മാതാവ് ലൗലി വർഗീസ് അവാർഡ് ദാന ചടങ്ങിൽ തന്റേയും കുടുംബത്തിന്റേയും നന്ദി മോണിക്കയെ അറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിന് എല്ലാവിധ സഹായവും അഭ്യർത്ഥിക്കുകയും ചെയ്തു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം