പണം അയയ്ക്കുന്നതിനു നികുതി നിർദ്ദേശവുമായി കുവൈത്ത് എംപി
Monday, August 8, 2016 6:56 AM IST
കുവൈത്ത് : വിദേശികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി കുവൈത്ത് പാർലിമെന്റ് അംഗം ഫൈസൽ അൽ കന്തരി വീണ്ടും രംഗത്തുവന്നു.

രാജ്യത്തുനിന്നും ലക്ഷക്കണക്കിന് ദിനാറാണ് ദിനം പ്രതി പുറത്തേയ്ക്ക് ഒഴുകുന്നത്. കൃത്യമായ രീതിയിൽ നികുതി ഏർപ്പെടുത്തിയാൽ രാജ്യത്തിനു വൻവരുമാനം നേടുവാൻ സാധിക്കുമെന്നും പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പണമയയ്ക്കലിന് കുവൈത്ത് ഈടാക്കുന്ന തുക വളരെ തുച്ഛമാണ്. രാജ്യത്തിന്റെ വികസനത്തിന് ഉപകരിക്കേണ്ട വരുമാനമാണ് വെറുതെ പാഴായി പോകുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇന്ധന, ജല, വൈദ്യുതി രംഗങ്ങളിലും വിദേശികൾ സബ്സിഡി നിരക്കിൽ സേവനങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ അവർ സ്വദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ വർഷവും രണ്ട് മില്ല്യൺ കുവൈത്ത് ദിനാറാണ് വിദേശികൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. നൂറു ദീനാറിൽ കുറവുള്ള സംഖ്യയാണ് അയയ്ക്കുന്നതെങ്കിൽ രണ്ടു ശതമാനവും നൂറിനും അഞ്ഞൂറ് ദീനാറിനും ഇടയ്ക്കുള്ള തുകയാണെങ്കിൽ നാലു ശതമാനവും അഞ്ഞൂറു ദീനാറിനു മുകളിലുള്ള സംഖ്യയാണെങ്കിൽ അഞ്ചു ശതമാനവും നികുതി ഈടാക്കുന്നതെങ്കിൽ പ്രതിവർഷം നികുതി വഴി 20 കോടിയിലേറെ ദീനാർ രാജ്യത്തിന്റെ പൊതുഖജനാവിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ലംഘിക്കുന്ന വിദേശികളെ ആറു മാസം വരെ തടവും 10,000 ദീനാറിൽ കൂടാത്ത പിഴയും ശിക്ഷയായി നൽകണം തുടങ്ങിയ ശിപാർശയും അദ്ദേഹം മുമ്പ് പാർലിമെന്റിൽ അവതരിപ്പിച്ച നിർദ്ദേശത്തിൽ പറയുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ