പരിശുദ്ധ കാതോലിക്കാ ബാവയുടെ അമേരിക്കൻ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, August 9, 2016 2:33 AM IST
ന്യൂയോർക്ക്: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവയുടെ അമേരിക്കൻ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കാതോലിക്കാ ദിന സമാഹാരണ ദൗത്യവുമായി അമേരിക്കയിൽ ശ്ലൈഹിക സന്ദർശനത്തിനാണ് പരി. ബാവ എത്തുന്നത്. ഓഗസ്റ്റ് 27–നു ന്യയോർക്കിലും 28–നു ഫിലഡൽഫിയയിലും നടക്കുന്ന സമ്മേളനത്തിൽ പ.ബാവ കാതോലിക്കാ ദിനപിരിവ് ഏറ്റുവാങ്ങും. ചെറി ലെയ്നിലുള്ള സെന്റ് ഗ്രിഗോറിയേസ് ദേവാലയത്തിൽ 27–നു ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട്, മാസച്യുസെറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ഇടവകകളുടെ വിഹിതമാണ് പ. ബാവ ഏറ്റുവാങ്ങുന്നത്. 28 ഞായറാഴ്ച ഫിലഡൽഫിയ ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ ഫിലഡൽഫിയ, മേരിലാൻഡ്, വിർജീനിയ, നോർത്ത് കരോളിന എന്നിവിടങ്ങളിലെ ഇടവകകളിൽ നിന്നുള്ള കാതോലിക്കാ ദിന പിരിവ് തിരുമേനി ഏറ്റുവാങ്ങും. ഭദ്രാസന അധ്യക്ഷൻ സക്കറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയും നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും പരിശുദ്ധ ബാവ തിരുമേനിയോടൊപ്പം പരിപാടികളിൽ പങ്കെടുക്കും. കാനഡയിൽ നിന്നുള്ള ഇടവകകൾക്ക് അവരവരുടെ സൗകര്യാർത്ഥം ന്യൂയോർക്കിലെയോ, ഫിലഡൽഫിയയിലെയോ പരിപാടികളിൽ പങ്കെടുക്കാവുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ് അറിയിച്ചു.

ഓഗസ്റ്റ് 25 വ്യാഴാഴ്ച ജെഎഫ്കെ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവയ്ക്ക് ആചാരപരമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 26 വെള്ളിയാഴ്ച രാവിലെ പ. ബാവയും സംഘവും നോർത്ത് ഈസ്റ്റ് ഭദ്രാസനം പെൻസിൽവേനിയ പോക്കോണോസിലെ ഡാൽട്ടൻ കൗണ്ടിയിൽ വാങ്ങിക്കുന്ന കെട്ടിട സമുച്ചയം ഉൾപ്പെട്ട 300 ഏക്കർ സ്‌ഥലത്തെ റിട്രീറ്റ് സെന്റർ സന്ദർശിക്കും. ഭദ്രാസനത്തിന് തലമുറകളെ ബന്ധിപ്പിക്കുന്നതിനും വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചും വിവിധ ആവശ്യങ്ങൾക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം മുന്നിൽ കണ്ടാണ് റിട്രീറ്റ് സെന്റർ വാങ്ങുവാൻ പരിശുദ്ധ ബാവ അംഗീകാരം നൽകിയത്. ഭദ്രാസനത്തിൽ 90 ശതമാനം പള്ളികൾക്കും സ്വന്തമായി പള്ളി കെട്ടിടങ്ങൾ ഉണ്ടായിയെന്നും ആത്മീയ സംഘടനകളുടെ പ്രവർത്തനങ്ങൾ കാലികമായി വളർന്നു കൊണ്ടിരിക്കുകയാണെന്നും വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഈ റിട്രീറ്റ് സെന്റർ അനിവാര്യമാണെന്നും കണ്ടതിനെത്തുടർന്നാണ് ഭദ്രാസനകൗൺസിലിന്റെ നേതൃത്വത്തിൽ ഈ പ്രോജക്ട് ഏറ്റെടുത്തത്. വൈകുന്നേരം ആറു മണിക്ക് ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പരിശുദ്ധ ബാവ പങ്കെടുക്കം.

27 ശനിയാഴ്ച ന്യൂയോർക്ക് ഭാഗങ്ങളിൽ നിന്നുള്ള ഇടവകകളിലെ കാതോലിക്കാ ദിന പിരിവ് ഏറ്റുവാങ്ങിയതിനു ശേഷം ഫിലഡൽഫിയയിലേക്ക് യാത്ര തിരിക്കുന്ന പരിശുദ്ധ ബാവ ബെൻസേലം സെന്റ് ഗ്രിഗോറിയേസ് പള്ളിയിൽ സന്ധ്യനമസ്ക്കാരത്തിന് നേതൃത്വം നൽകും. 28–ന് പ. ബാവയ്ക്കും മേൽപ്പട്ടക്കാർക്കും ഊഷ്മളമായ വരവേൽപ്പ് നൽകും. പൊതുസമ്മേളനത്തിൽ സഭാ–ഭദ്രാസന നേതൃത്വങ്ങളിലെ പ്രമുഖ വ്യക്‌തികൾ പങ്കെടുക്കും.

28 ഞായറാഴ്ച വൈകിട്ട് ന്യൂയോർക്കിലെ ആസ്‌ഥാനത്ത് തിരിച്ചെത്തുന്ന പരിശുദ്ധ ബാവ 30–നു ഹൂസ്റ്റണിലേക്ക് യാത്രയാവും. സെപ്തംബർ അഞ്ചിന് ഇന്ത്യയിലേക്ക് മടങ്ങും.

വിവരങ്ങൾക്ക്: ഭദ്രാസന ഓഫീസ് (718) 470–9844, ഭദ്രാസന സെക്രട്ടറി: ഫാ. എം. കെ കുറിയാക്കോസ് (201) 681–1078.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ