വേൾഡ് വിഷൻ ‘റൈസ് അപ്പ്, ഡോട്ടേഴ്സ് ഓഫ് ഇന്ത്യ’ പ്രോജക്ടിനു തുടക്കമിട്ടു
Tuesday, August 9, 2016 6:42 AM IST
ടൊറേന്റോ: ഇന്ത്യയിലെ ടോയ്ലറ്റ് ഇല്ലാത്ത സ്കൂളുകളിൽ അവ നിർമിച്ചു നൽകുന്നതിനായി വേൾഡ് വിഷൻ കാനഡ, രൂപകല്പന ചെയ്ത ‘റൈസ് അപ്പ്, ഡോട്ടേഴ്സ് ഓഫ് ഇന്ത്യ’ എന്ന പുതിയ പ്രോജക്ടിനു തുടക്കം കുറിച്ചു.

ടൊറേന്റോയിലെ യംഗ് ഡൻഡാസ് സ്ക്വയറിൽ പനോരമ ഇന്ത്യ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വേൾഡ് വിഷനിലെ റോഷെൽ റോണ്ടൻ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഡയറക്ടർ എൽമർ ലിഗഡ്, ജോയ്സ് ഗോൺസാൽവസ്, മരിയ ഓങ്, ഷേർളി മാർട്ടിൻ, മായ തോമസ്, സോഫി മാത്യു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജയ്സൺ മാത്യുവാണ് പ്രോജക്ടിന്റെ കോഓർഡിനേറ്റർ.

സൺലൈഫ് സെയിൽസ് മാനേജർ പാസ് വിരേ ആദ്യ സംഭാവന നൽകി പ്രോജക്ടിനുവേണ്ടി നിർമിച്ച ബൂത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഉത്തരേന്ത്യയിൽ പല സംസ്‌ഥാനങ്ങളിലും സ്കൂളുകളിൽ ടോയിലറ്റ് ഇല്ലാത്തത് പെൺകുട്ടികളുടെ പഠനത്തിനു ഒരു തടസമായി കണ്ടെത്തിയതിനാലാണ് പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ തെരഞ്ഞെടുക്കാൻ വേൾഡ്വിഷൻ തീരുമാനിച്ചത്.

കാനഡയിൽ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇന്ത്യയിലുള്ള വേൾഡ്വിഷനാണ് സ്കൂളുകൾക്ക് ടോയ്ലറ്റുകൾ നിർമിച്ചു നൽകുന്നത്. ഇന്ത്യയിൽ പഞ്ചാബിലെ തെരഞ്ഞെടുത്ത സ്കൂളുകളിലാണ് ആദ്യഗഡുവായി പദ്ധതി നടപ്പിലാക്കുന്നത്.

ഓരോരുത്തരുടെയും സൗകര്യമനുസരിച്ചു പത്തു ഡോളർ മുതൽ എത്ര തുക വരെ ഒന്നായും പല തവണകളായും നൽകാനുള്ള ക്രമീകരണങ്ങൾ ക്രിസ്ത്യൻ ചാരിറ്റി ഓർഗനൈസേഷനായ വേൾഡ് വിഷൻ ചെയ്തിട്ടുണ്ട്.

പ്രോജക്ടിന്റെ ഉദ്ഘാടനത്തിനുശേഷം പനോരമ ഇന്ത്യ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡിലും വേൾഡ് വിഷൻ കാനഡ പങ്കെടുത്തു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.റമൗഴവലേൃെീളശിറശമ.രമ<യൃ><യൃ><ശാഴ െൃര=/ിൃശ/2016മൗഴൗെേ9ംീൃഹറ്ശശെീിി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>