കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, August 9, 2016 6:44 AM IST
അബുദാബി: അബുദാബി കെഎംസിസി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വൻ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഓഗസ്റ്റ് 15നു (തിങ്കൾ) അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരള പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പാറക്കൽ അബ്ദുള്ള എംഎൽഎ, നയതന്ത്ര വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ടി.പി. ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ അതിഥികളായി പങ്കെടുക്കും.

രാത്രി എട്ടിനു നടക്കുന്ന പരിപാടിയിൽ അബുദാബിയിൽ 40 വർഷം പൂർത്തിയാക്കിയ വിവിധ തുറകളിൽ സേവനം ചെയ്ത 70 ഇന്ത്യക്കാരെ ചടങ്ങിൽ ആദരിക്കും. വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖർ മുതൽ ശുചീകരണ തൊഴിലാളികൾ വരെ ആദരം ഏറ്റുവാങ്ങും. ദേശ സ്നേഹം പ്രകടമാക്കുന്ന കലാ പരിപാടികളുടെ അവതരണവും സുവനീർ പ്രകാശനവും ചടങ്ങിൽ നടക്കും.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള