മൈസൂരു ദസറ ഒക്ടോബർ ഒന്നു മുതൽ
Tuesday, August 9, 2016 6:51 AM IST
മൈസൂരു: ഈവർഷത്തെ മൈസൂരു ദസറ ആഘോഷങ്ങൾ ഒക്ടോബർ ഒന്നു മുതൽ 11 വരെ നടക്കും. ദസറ ആഘോഷ നടത്തിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്‌ഥാനത്തെ കൊടുംവരൾച്ച കണക്കിലെടുത്ത് കഴിഞ്ഞ വർഷം ലളിതമായാണ് ദസറ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. എന്നാൽ, ഇത്തവണ ആഘോഷങ്ങളിൽ കുറവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദസറ ആഘോഷത്തിനുള്ള ഒരുക്കങ്ങളും നേരത്തെ ആരംഭിക്കും. ആഘോഷങ്ങൾക്കായി ആറു കോടി രൂപ അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.